കീർത്തി സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഈശ്വർ കാർത്തിക് സംവിധാനം ചെയ്യുന്ന ‘പെൻഗ്വി’ന്റെ ട്രെയിലർ റിലീസിനെത്തി. ഈശ്വർ കാർത്തിക്കിന്റെ കന്നി സംവിധാന സംരംഭമായ ‘പെൻഗ്വിൻ’ നിർമ്മിക്കുന്നത് കാർത്തിക് സുബ്ബരാജാണ്. മോഹൻലാൽ, ധനുഷ്, നാനി എന്നിവർ ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്.

ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് തമിഴിലും തെലുങ്കിലും മലയാളത്തിൽ ഡബ് ചെയ്തും ജൂണ്‍ 19-നാണ് പെൻഗ്വിന്‍ന്റെ ആഗോള പ്രീമിയർ. അഞ്ച് ഇന്ത്യൻ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏഴു സിനിമകൾ അടങ്ങിയ അന്തോളജി സിനിമയിലെ മൂന്നാമത്തെ ചിത്രമാണ് ‘പെൻഗ്വിൻ’.

‘മഹാനദി’യിലൂടെ ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷാണ് ഈ ത്രില്ലറിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്. ഗർഭിണിയായ ഒരു അമ്മയുടെ സാഹസിക അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. തന്റെ ഭൂതകാലത്തിലെ ഒരു നിഗൂഢത പുറത്തു കൊണ്ടുവരാനും തന്റെ പ്രിയപെട്ടവരെ രക്ഷിക്കാനുമുള്ള അപകടകരവും സാഹസികവുമായ നായികയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സന്തോഷകരമായ ജീവിതം നയിച്ചു വരുന്ന റിഥം തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കയാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ അജ്ഞാതനായ ഒരാള്‍ തന്റെ കാണാതായ കുഞ്ഞിനെ ഉപദ്രവിക്കുന്നതായുള്ള പേടി സ്വപ്‌നങ്ങൾ അവരെ വേട്ടയാടുന്നു. അങ്ങനെ തന്റെ പരിശീലനം സിദ്ധിച്ച മിടുക്കൻ നായയോടൊപ്പം അവള്‍ അപകടകരമായ യാത്ര ആരംഭിക്കുകയാണ്. പേടി സ്വപ്നങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ അവള്‍ക്കറിയണം, ഒപ്പം തനിക്ക് പ്രിയപെട്ടവരെ രക്ഷിക്കുകയും വേണം. ഇതാണ് പെൻഗ്വിനിന്റെ ഇതിവൃത്തം.

ജൂൺ 19 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റു 200 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് തമിഴിലും തെലുങ്കിലും മലയാളത്തിൽ ഡബ് ചെയ്തതുമായ പെൻഗ്വിൻ കാണാനാകും.

Read more: അതെനിക്കുമൊരു സർപ്രൈസായിരുന്നു; വിവാഹവാർത്തയെ കുറിച്ച് കീർത്തി സുരേഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook