തമിഴിൽ തിരക്കുളള നടിയായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്. വിജയ്, സൂര്യ തുടങ്ങി തമിഴിലെ നമ്പർ വൺ നടന്മാർക്കൊപ്പം കീർത്തി അഭിനയിച്ചു കഴിഞ്ഞു. നാലു സിനിമകളിൽ അഭിനയിക്കാൻ കീർത്തി ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു. സൂര്യ നായകനാവുന്ന താനാ സേർന്ത കൂട്ടമാണ് കീർത്തിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൂര്യയ്ക്കൊപ്പമുളള കീർത്തിയുടെ ആദ്യ സിനിമയാണിത്.

ചെറുപ്പം മുതലേ സൂര്യയുടെ കടുത്ത ഫാനാണെന്ന് കീർത്തി തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”സ്കൂളിൽ പഠിക്കുന്ന സമയത്തേ സൂര്യയുടെ കടുത്ത ആരാധികയാണ്. എന്റെ അമ്മ (മേനക സുരേഷ്) സൂര്യയുടെ അച്ഛൻ ശിവകുമാറിനൊപ്പം 3 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരു സിനിമ അമ്മയ്ക്കൊപ്പം കണ്ടുകൊണ്ടിരിക്കേ ഞാൻ വെല്ലുവിളിച്ചു. ശിവകുമാറിന്റെ മകൻ സൂര്യയ്ക്കൊപ്പം ഒരു ദിവസം ഞാൻ അഭിനയിച്ചു കാണിക്കുമെന്നു പറഞ്ഞു. അത് യാഥാർത്ഥ്യമായതിൽ ഒരുപാട് സന്തോഷം തോന്നുന്നു”.

”സൂര്യ വളരെ ഒതുങ്ങിയ വ്യക്തിയാണ്. അദ്ദേഹം അധികം സംസാരിക്കാറില്ല. പക്ഷേ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാൻ എന്തെങ്കിലും അഭിപ്രായം ചോദിച്ചാൽ അദ്ദേഹം അതിനെ വളരെ പിന്തുണയ്ക്കും. അങ്ങനെ ചെയ്തോളൂ എന്ന് പറയും. ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല”.

”താനാ സേർന്ത കൂട്ടത്തിലെ എന്റെ കഥാപാത്രം തമാശ നിറഞ്ഞതാണ്. ഒരുപാട് സർപ്രൈസും അതിൽ ഒളിഞ്ഞിരുപ്പുണ്ട്. ബ്രാഹ്മണ പെൺകുട്ടിയായിട്ടാണ് ഞാൻ അതിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകൻ വിഘ്നേശ് ശിവൻ കഥ പറഞ്ഞ രീതിയും എന്റെ കഥാപാത്രത്തെക്കുറിച്ച് അവതരിപ്പിച്ചതും എനിക്ക് വളരെയധികം ഇഷ്ടമായി. അങ്ങനെയാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്”- കീർത്തി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook