‘മഹാനടി’യുടെ മികച്ച വിജയത്തിനു ശേഷം കീർത്തി സുരേഷ് വീണ്ടും തെലുങ്കിൽ സജീവമാകുകയാണ്. അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ‘സഖി’യ്ക്കു പുറമെ മറ്റൊരു തെലുങ്ക് ചിത്രത്തിൽ കൂടി കീർത്തി നായികയാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. നാഗചൈതന്യ നായകനാകുന്ന പുതിയ ചിത്രം ‘ബംഗറജു’വിലാണ് കീർത്തി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നാഗാർജുനയും രമ്യാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘സൊഗടെ ചിന്നി നയന’ എന്ന ചിത്രത്തിന്റെ സ്വീകലാണ് ‘ബംഗറജു’. കല്യാൺ കൃഷ്ണ സംവിധാനം നിർവ്വഹിക്കുന്ന നാഗാർജുനയുടെ കഥാപാത്രത്തിന്റെ മകനായി തന്നെയാണ് നാഗ ചൈതന്യയെത്തുന്നത്. നാഗാർജുനയും ചിത്രത്തിലുണ്ട്. നാഗാർജനയുടെ പ്രൊഡക്ഷനായ അന്നപൂർണ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

‘സഖി’ എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് കീർത്തിയിപ്പോൾ. 45 ദിവസത്തെ ഷൂട്ടിനായി യൂറോപ്പിലാണ് ‘സഖി’ ടീം ഇപ്പോൾ ഉള്ളത്. യൂറോപ്പിനു പുറമെ ഹൈദരാബാദും ചിത്രത്തിന്റെ ലൊക്കേഷനാണ്. നരേഷ്, നദിയ, രാജേന്ദ്ര പ്രസാദ്, ഭാനുശ്രീ മെഹ്റ, കമൽ കാമരാജു എന്നിവരും ചിത്രത്തിലുണ്ട്. കീർത്തി സുരേഷിന്റെ മുത്തശ്ശന്റെ വേഷത്തിലാണ് രാജേന്ദ്ര പ്രസാദ് എത്തുന്നത്. ദസറ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. നാഗാർജുന നായകനാവുന്ന ‘മൻമൻധുഡു 2’വിൽ അതിഥിവേഷത്തിലും കീർത്തി അഭിനയിക്കുന്നുണ്ട്.

അജയ് ദേവ്ഗൺ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി. അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ ഭാര്യാവേഷമാണ് ചിത്രത്തിൽ കീർത്തിയ്ക്ക്. 1950–63 കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ചായിരുന്ന സയിദിനെയാണ് അജയ് ദേവ്ഗൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ബധായി ഹോ’ സംവിധായകൻ അമിത് ശര്‍മ ഒരുക്കുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമയാണ്. ഇന്ത്യൻ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്.