മലയാളത്തിന്റെ പ്രിയപ്പെട്ട വിന്റേജ് നായിക നാദിയ മൊയ്തുവും യുവനടിമാരിൽ ശ്രദ്ധേയയായ കീർത്തി സുരേഷും ഒന്നിച്ചഭിനയിക്കുന്നു. മഹേഷ് എസ് കോനെരു നിർമ്മിച്ച് നവാഗതനായ രവീന്ദ്രനാഥ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ കീർത്തിയുടെ അമ്മയായാണ് നാദിയ മൊയ്തു എത്തുന്നത് എന്നാണ് റിപ്പോർട്ട്. നരേഷ് വിജയ് കൃഷ്ണ കീർത്തിയുടെ അച്ഛനായും രാജേന്ദ്രപ്രസാദ് മുത്തച്ഛനായും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദസറയ്ക്ക് ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്നു ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയിനറാണെന്നാണ് അണിയറപ്രവർത്തകരുടെ വാദം. ഇതുവരെ പേരിടാത്ത ചിത്രത്തിനു വേണ്ടി 50 ലക്ഷം രൂപ ചെലവഴിച്ച് ഹൈദരാബാദിൽ സെറ്റിട്ടതായും വാർത്തകളുണ്ടായിരുന്നു. കീർത്തി സുരേഷ്, നാദിയ മൊയ്തു, രാജേന്ദ്ര പ്രസാദ്, നരേഷ് വിജയകൃഷ്ണ, ഭാനുശ്രീ മെഹ്റ, കമൽ കാമരാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് കൊനേരു ആണ് ചിത്രം നിർമ്മിക്കുന്നത്. ‘മഹാനദി’യുടെ ക്യാമറാമാനായ ഡാനി സാൻ ലോപ്പസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Read more: കീർത്തിയുടെ സമ്മാനം വിജയ്‌യുടെ വീട്ടിൽ ഭദ്രമാണ്!

മോഹൻലാലിനൊപ്പം അഭിനയിച്ച ‘നീരാളി’യ്ക്ക് ശേഷം നാദിയ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹൈദരാബാദിലെ ലൊക്കേഷനു പുറമെ വിദേശത്തും ചിത്രത്തിന് ഷെഡ്യൂളുണ്ട്. ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ​ അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. 40 ദിവസമാണ് അമേരിക്കയിലെ ഷെഡ്യൂൾ. കല്യാണി മാലിക് ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook