/indian-express-malayalam/media/media_files/uploads/2018/05/Vikram-and-Keerthy-Suresh-in-Saamy-2.jpg)
തെലുങ്ക്-തമിഴ് എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത 'മഹാനടി'/'നടിഗര്‍ തിലകം' വലിയ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. മുന്‍കാല താരം സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ പ്രധാന കാഥാപത്രത്തെ അവതരിപ്പിച്ചത് കീര്‍ത്തി സുരേഷ് ആണ്. സാവിത്രിയുടെ ഭര്‍ത്താവും സഹതാരവുമായ ജെമിനി ഗണേശന്റെ റോളില്‍ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും. ഇരുവരുടെയും പ്രകടനങ്ങള്‍ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി.
ചിത്രത്തിന്‍റെ വിജയം കീര്‍ത്തിയുടെ കരിയറില്‍ ഒരു വഴിത്തിരിവാകുമെന്നാണ് ഇതില്‍ പലരുടേയും നിഗമനം. അതുകൊണ്ട് തന്നെ കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളെ വലിയ പ്രതീക്ഷയോടെയാണ് അവര്‍ കാണുന്നത്. വിക്രം, വിജയ്, വിശാല്‍ എന്നിവര്‍ക്കൊപ്പമുള്ള വലിയ പ്രോജക്റ്റുകളിലാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.
സാമി 2
'സാമി' എന്ന വിക്രം ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ആറുസാമിയെന്ന പൊലീസ് ഓഫിസറായി വിക്രം എത്തിയപ്പോൾ ബോക്സോഫിൽ അത് പുതുചരിത്രമായി. ഹരി സംവിധാനം ചെയ്ത സാമി വിക്രമിന്റെ കരിയറിൽതന്നെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നായികയാവുന്നത് കീർത്തി സുരേഷാണ്. ആദ്യ ഭാഗത്തിൽ തൃഷയായിരുന്നു നായിക. രണ്ടാം ഭാഗത്തിലും തൃഷ നായികയാവുമെന്ന് വാർത്തകൾ വന്നെങ്കിലും ഒടുവിൽ കീർത്തിക്ക് നറുക്ക് വീഴുകയായിരുന്നു. ജൂണ്‍ 14ന് സിനിമ റിലീസ് ചെയ്യും.
സണ്ടക്കോഴി 2
വിശാൽ നായകനായ 'സണ്ടക്കോഴി' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'സണ്ടക്കോഴി 2'. ആദ്യ ഭാഗത്തിൽ മീരാ ജാസ്മിനായിരുന്നു നായിക. 2005ൽ പുറത്തിറങ്ങിയ ഈ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത എൻ.ലിങ്കുസാമി തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. രണ്ടാം ഭാഗത്തില്‍ നായികയായ കീര്‍ത്തി ദുര്‍ഗാ ദേവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജൂണ്‍ 14ന് തന്നെയാണ് ഈ സിനിമയും റിലീസ് ചെയ്യുന്നത്.
ദളപതി 62
വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 62'. 'കത്തി' എന്ന സിനിമയ്ക്കു ശേഷം വിജയ്‌യെ നായകനാക്കി എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ബിഗ് ബജറ്റ് ചിത്രത്തിലും നായിക കീർത്തി സുരേഷാണ്. വിജയ്‌യുടെ നായികയായി കീർത്തി എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. 'ഭൈരവ' എന്ന സിനിമയിൽ വിജയ്‌യുടെ നായിക കീർത്തിയായിരുന്നു. നവംബര്‍ 7നാണ് ചിത്രത്തിന്റെ റിലീസ്.
മലയാളത്തിൽ 'ഗീതാഞ്ജലി', 'റിങ് മാസ്റ്റർ' എന്നീ 2 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കീർത്തി തന്റെ തട്ടകമായി തിരഞ്ഞെടുത്തത് തമിഴകമായിരുന്നു. 2015 ലാണ് തമിഴിൽ കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. 'ഇതു എന്ന മായം' എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായിക ആയിട്ടായിരുന്നു തുടക്കം. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കീർത്തിയെ തേടി നിരവധി സിനിമകൾ എത്തി. തമിഴിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ അവര്‍ തെലുങ്കിലേക്കും കടന്നു . 2016 ൽ പുറത്തിറങ്ങിയ 'നേനു സൈലജ' ആയിരുന്നു കീർത്തിയുടെ ആദ്യ തെലുങ്ക് ചിത്രം. ബോക്സോഫിസിൽ വലിയ വിജയം കണ്ട സിനിമയാണത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.