തമിഴകത്ത് മാത്രമല്ല തെലുങ്കിലും കീർത്തി സുരേഷ് മുൻനിര നടിയായി മാറിയിട്ടുണ്ട്. മഹാനദിയാണ് ടോളിവുഡിലെ കീർത്തി സുരേഷിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പ്രശസ്ത നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുളളതാണ് ചിത്രം. കീർത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. ദുൽഖർ സൽമാൻ, സാമന്ത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

മഹാനടിയിലെ ടീമംഗങ്ങൾക്ക് ഉഗ്രനൊരു സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. ഇതിനു മുൻപ് നയൻതാരയും സമ്മാനം നൽകി സഹതാരങ്ങളെ അതിശയിപ്പിച്ചിട്ടുണ്ട്. ഏതാനും വർഷം മുൻപ് ‘ശ്രീ രാമ രാജ്യം’ സിനിമയിലെ യൂണിറ്റ് അംഗങ്ങൾക്ക് അപ്രതീക്ഷിതമായി വാച്ച് സമ്മാനിച്ചാണ് നയൻതാര ഞെട്ടിച്ചത്. ഇപ്പോഴിതാ നയൻതാരയ്ക്കു ശേഷം ടോളിവുഡിലെ സഹപ്രവർത്തകരെ സമ്മാനം നൽകി അതിശയപ്പെടുത്തിയിരിക്കുകയാണ് കീർത്തി സുരേഷ്.

ഒരു കാലത്ത് വെളളിത്തിരയിൽ വിസ്‌മയം സൃഷ്‌ടിച്ച നായികയാണ് സാവിത്രി. ഒരു കാലത്ത് ദക്ഷിണേന്ത്യ കീഴടക്കിയ മഹാനടി. തെലുങ്ക്, കന്നട, തമിഴ്, മലയാളം,ഹിന്ദി തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച നടിയാണ് സാവിത്രി.

തന്റെ സിനിമയിലെ ടീം അംഗങ്ങൾക്ക് സ്വർണ നാണയം സമ്മാനമായി നൽകുന്ന പതിവ് നടി സാവിത്രിക്ക് ഉണ്ടായിരുന്നു. സാവിത്രിയുടെ ഇതേ മാതൃകയാണ് കീർത്തി സുരേഷും പിന്തുടർന്നത്. മഹാനദിയിലെ ടീം അംഗങ്ങൾക്ക് സ്വർണ നാണയമാണ് കീർത്തി സമ്മാനമായി നൽകിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം കണ്ട് ടീം അംഗങ്ങൾ അമ്പരക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ