നടൻ വിശാൽ അവതാരകനായെത്തുന്ന റിയാലിറ്റി ഷോയാണ് ‘സൺ നാം ഒരുവർ’. മറ്റു ഷോകളിൽനിന്നും തികച്ചും വ്യത്യസ്തമായി സമൂഹത്തിൽ സഹായം ആവശ്യപ്പെടുന്നവർക്ക് ഒരു കൈ താങ്ങാവുകയാണ് ഷോയുടെ ഉദ്ദേശ്യം. എല്ലാ ഞായറാഴ്ചയുമാണ് സൺ ടിവിയിൽ ഷോ സംപ്രേക്ഷണം ചെയ്യുന്നത്.
ഒക്ടോബർ ഏഴിന് ആരംഭിച്ച ആദ്യ ഷോയിൽ മുഖ്യാതിഥി ആയി എത്തിയത് നടനും വിശാലിന്റെ അടുത്ത സുഹൃത്തും കൂടിയായ കാർത്തി ആയിരുന്നു. അംഗ വൈകല്യ ബാധിതനായ കുട്ടിയും കുടുംബവുമാണ് ഷോയിൽ പങ്കെടുത്തത്. കുട്ടിയുടെ ചികിത്സയ്ക്കുളള സഹായം നൽകുമെന്ന് കാർത്തി ഷോയിൽ ഉറപ്പു നൽകി. രണ്ടാം എപ്പിസോഡിൽ കീർത്തി സുരേഷാണ് മുഖ്യാതിഥിയായി എത്തുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കടം വാങ്ങിയ പണം തിരികെ നൽകാനായി വർഷങ്ങളോളം കൂലിയില്ലാതെ പണിയെടുക്കുന്ന കുടുംബത്തിന്റെ കഥയാണ് രണ്ടാം എപ്പിസോഡിലൂടെ വിശാൽ ജനങ്ങൾക്കുമുന്നിൽ എത്തിക്കുന്നത്. കടം വാങ്ങിയ 15000 രൂപ തിരികെ കൊടുക്കാനാണ് ഒരു കുടുംബം 8 വർഷമായി ഒരു ദിവസം 22 മണിക്കൂർ ജോലി ചെയ്യുന്നത്. ഈ കുടുംബത്തിന്റെ കഥ കേട്ട കീർത്തി വികാരഭരിതയായി.
ഈ കുടുംബത്തിന് കീർത്തി സുരേഷ് ഒരു കൈ സഹായം നീട്ടുമോ എന്നറിയാനുളള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ. ഒക്ടോബർ 14 ന് രാത്രി 9.30 നാണ് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.