ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത ‘മഹാനടി’.  നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ സാവിത്രിയായി വന്ന് കൈയ്യടി നേടിയത് മലയാളിയായ കീര്‍ത്തി സുരേഷ് ആയിരുന്നു.  സിനിമയിൽ ലുക്കിലും ഭാവത്തിലും മാത്രമല്ല അഭിനയത്തിലും കീർത്തി മികവു കാട്ടി. സ്വാഭാവികമായും ‘മഹാനടി’യുടെ വിജയം കീർത്തി സുരേഷിന്റെ കരിയറില്‍ പുതിയ വഴികള്‍ തുറന്നു.  ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി  വലിയ പല ചിത്രങ്ങളിലേക്കും അവര്‍ കരാര്‍ ചെയ്യപ്പെട്ടു.   എന്നാല്‍ മഹാനടിയ്ക്ക് ശേഷമുള്ള കീര്‍ത്തിയുടെ ഓരോ ചിത്രം വരുമ്പോഴും ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന കാഴ്ചയാണ് കാണാനാകുന്നത്.

2018 കീർത്തിയുടെ കാലമെന്നാണ് സിനിമാ ലോകം ഒന്നടങ്കം കരുതിയതിരുന്നത്. മൂന്നു ബിഗ് ചിത്രങ്ങളിലായിരുന്നു കീര്‍ത്തി കരാർ ഒപ്പിട്ടത് – അതും തമിഴകത്തെ സൂപ്പർ താരങ്ങൾക്കൊപ്പം. വിക്രമിന്റെ ‘സാമി 2’, വിശാലിന്റെ ‘സണ്ടക്കോഴി 2’, വിജയ്‌യുടെ ‘സർക്കാർ’. എന്നാൽ ഈ സിനിമകളിലെ വേഷങ്ങളൊന്നും തന്നെ കീര്‍ത്തിയുടെ അഭിനയ ജീവിതത്തിന് മുതല്‍ക്കൂട്ടായില്ല.  നായകന്റെ തണലിൽ ഒതുങ്ങിപ്പോകുന്ന റോളുകളില്‍ കീര്‍ത്തിയെ കണ്ട ആരാധകര്‍ സങ്കടത്തിലായി.

Read: ‘മഹാനടി’യ്ക്ക് ശേഷം വിക്രം, വിജയ്‌, വിശാല്‍ ചിത്രങ്ങള്‍: ഈ വര്‍ഷത്തെ താരം കീര്‍ത്തി തന്നെ

‘സാമി 2’, ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങള്‍ വിജയം നേടാതെ പോയപ്പോഴും വിജയ്‌യുടെ ദീപാവലി റിലീസ് ആയ ‘സര്‍ക്കാറി’ല്‍ ആരാധകര്‍ പ്രതീക്ഷ നാട്ടിയിരുന്നു.  അതിനു കാരണം കീര്‍ത്തിയും വിജയും ഇതിനു മുന്പ് ഒന്നിച്ച ‘ഭൈരവ’യുടെ വിജയമായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ അതും പാളി.  ‘സർക്കാറി’ൽ കീർത്തിക്ക് ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, വളരെ കുറച്ച് രംഗങ്ങളേ ഉണ്ടായിരുന്നുളളൂ. അവയിൽതന്നെ പെർഫോം ചെയ്യത്തക്ക ഒന്നുമുണ്ടായിരുന്നില്ല താനും. സ്ക്രീനിൽ വെറുതെ വന്നു പോകുന്ന നടിയായി കീർത്തിയെ കണ്ടത് ആരാധകരെ ചെറുതായൊന്നുമല്ല നിരാശയിലാഴ്ത്തിയത്.

 ചുരുങ്ങിയ കാലം കൊണ്ട് തമിഴകത്തെ മുൻനിര നായികമാരിൽ ഒരാളായി തീര്‍ന്ന കീര്‍ത്തി തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ തുടരെ തുടരെ പരാജയപ്പെടുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യമാണ് ഈ വര്‍ഷത്തെ മൂന്നാമത്തെ പരാജയ ചിത്രം വരുമ്പോള്‍  അവര്‍ നേരിടുന്നത്.  ‘മഹാനടി’ പോലെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സിനിമയ്ക്കു ശേഷം തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടേ എന്ന ചോദ്യം ന്യായമാണ് താനും.

പ്രേക്ഷകര്‍ മാത്രമല്ല, ‘മഹാനടി’യിലെ കീര്‍ത്തിയെ പ്രശംസിച്ച നിരൂപകരും നിരാശയിലാകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉളവായിരിക്കുന്നത്.

”അത്ഭുതപ്പെടുത്തന്ന മറ്റൊരു കാര്യം, എങ്ങനെയാണ് ചിത്രത്തിലെ നായികയായി കീര്‍ത്തി സുരേഷ് എത്തിയത് എന്നാണ്. നായകന്റെ പുറകെ യാതൊരു ലക്ഷ്യവുമില്ലാതെ അലയുക എന്നതിനപ്പുറം ഈ ചിത്രത്തിലെ നായികയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. ‘മഹാനടി’ പോലൊരു ചിത്രത്തില്‍ അഭിനയിച്ച കീര്‍ത്തി സുരേഷ് എന്തിനാണ് ‘സര്‍ക്കാര്‍’ ചെയ്തത് എന്നത് ആശ്ചര്യപ്പെടുത്തുന്നു! അതൊരു കച്ചവട ചിത്രമായതുകൊണ്ടല്ല, മറിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രം തിരഞ്ഞെടുത്തതിനു പിന്നിലെ ചേതോവികാരം എന്തെന്നാണ് മനസിലാകാത്തത്”, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ നിരൂപക ശുഭകീര്‍ത്തന എഴുതി.

Read: വിജയ്‌ എന്ന താരം പിടിച്ചു നിര്‍ത്തുന്ന ‘സര്‍ക്കാര്‍’

അതിന് ഉദാഹരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് സാമന്തയെയാണ്. വിവാഹ ശേഷവും അഭിനയം തുടരുന്ന സാമന്ത, റോളുകളുടെ കാര്യത്തിൽ വളരെ സെലക്ടീവാണ്. കൊമേഴ്സ്യൽ സിനിമകൾക്കൊപ്പം അഭിനയ പ്രാധാന്യമുളള സിനിമകളും സാമന്ത തിരഞ്ഞെടുക്കുന്നുണ്ട്.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്.  കീര്‍ത്തിയുടെ ആരാധകര്‍ അവരുടെ അഭിനയമാണ് കാണാന്‍ ആഗ്രഹിക്കുന്നത്.  മുന്നിലേക്ക് വരുന്ന അത്തരം അവസരങ്ങള്‍ അവര്‍ വിനിയോഗിക്കണം എന്നും.

മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് കീർത്തി ഇനി അഭിനയിക്കുന്നത്. ഏറെ വർഷങ്ങൾക്കു ശേഷമാണ് കീർത്തി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ദിലീപ് നായകനായ ‘റിങ് മാസ്റ്ററാ’യിരുന്നു കീർത്തിയുടെ അവസാന മലയാള ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ