തമിഴിൽ മാത്രമല്ല തെലുങ്കിലും തിരക്കുളള നടിയാണ് കീർത്തി സുരേഷ്. സൂര്യയുടെ താനാ സേർന്ത കൂട്ടം, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് കീർത്തി. ഇതിനുപുറമേ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തമിഴിലും തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങുന്ന ‘മഹാനടി’ ചിത്രത്തിലും കീർത്തിയാണ് പ്രധാന വേഷത്തെ അഭിനയിക്കുന്നത്. സാവിത്രിയുടെ വേഷത്തിലാണ് സിനിമയിൽ കീർത്തി എത്തുന്നത്.

സാവിത്രിയുടെ റോൾ ചെയ്യുന്ന കീർത്തിയോട് കുറച്ച് വണ്ണം കൂട്ടാൻ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കീർത്തി വണ്ണം കൂട്ടുകയും ചെയ്തു. സാവിത്രിയുടെ ജീവിതത്തിൽ ഇടയ്ക്ക് വച്ച് നടി കുറച്ചധികം വണ്ണം വച്ചിരുന്നു. ഇതിനായി കുറച്ചു കൂടി വണ്ണം കൂട്ടാൻ കീർത്തിയോട് സംവിധായകൻ ആവശ്യപ്പെട്ടു. പക്ഷേ കീർത്തി പറ്റില്ലെന്ന് തീർത്തു പറഞ്ഞുവത്രേ.

സൈസ് സീറോ സിനിമയ്ക്കായി അനുഷ്ക ഷെട്ടി വണ്ണം കൂട്ടുയും പിന്നെയിത് കുറയ്ക്കാൻ പെടാപാട് പെട്ടതുമാണ് കീർത്തിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് കോളിവുഡിലെ സംസാരം. കടുത്ത ഡയറ്റ് പാലിച്ചിട്ടും വണ്ണം കുറയാത്തതിനെ തുടർന്ന് വിദേശത്ത് പോയി ചികിൽസ ചെയ്താണ് അനുഷ്ക വണ്ണം കുറച്ചതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ അവസ്ഥ തനിക്കും വരരുതെന്ന് ഓർത്താണ് അതിനുമുൻപേ കീർത്തി തന്റെ തീരുമാനം സംവിധായകനോട് വ്യക്തമാക്കിയത്.

കീർത്തി വണ്ണം വയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗ്രാഫിക്സ് ഉപയോഗിച്ച് ഇത് മറികടക്കാനാണ് സംവിധായകന്റെ ഇപ്പോഴത്തെ തീരുമാനം. ബാഹുബലി 2 സിനിമയിൽ അനുഷ്കയുടെ വണ്ണം കുറച്ചു കാണിക്കാൻ സംവിധായകൻ രാജമൗലി ഉപയോഗിച്ച അതേ ടെക്നിക്കാണ് മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിനും സ്വീകരിക്കാൻ പോകുന്നത്.

ഒരു കാലത്ത് വെളളിത്തിരയിൽ വിസ്‌മയം സൃഷ്‌ടിച്ച നായികയാണ് സാവിത്രി. ഒരു കാലത്ത് ദക്ഷിണേന്ത്യ കീഴടക്കിയ മഹാനടി. തെലുങ്ക്, കന്നട, തമിഴ്, മലയാളം,ഹിന്ദി തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച നടിയാണ് സാവിത്രി. വ്യത്യസ്‌തമായ വേഷങ്ങളിലൂടെയും ഭാവപകർച്ചകളിലൂടെയും ഇഷ്‌ടം നേടിയ സാവിത്രിയുടെ ജീവിതമാണ് മഹാനടി പറയുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷം ചെയ്യുന്നത്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളായിരുന്നു സാവിത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ