മഹാനടിയുടെ വിജയത്തോടെ കീർത്തി സുരേഷിന്റെ താരമൂല്യം ഉയർന്നിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി കീർത്തിക്ക് കൈനിറയെ ചിത്രങ്ങളാണ്. ദളപതി വിജയ്‌യുടെ സർക്കാർ, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 തുടങ്ങി തമിഴകത്തെ മുൻനിര നായകന്മാരുടെ ചിത്രങ്ങളിലെല്ലാം നായിക കീർത്തിയാണ്.

മലയാളത്തിൽ ഗീതാഞ്ജലി, റിങ് മാസ്റ്റർ എന്നീ 2 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കീർത്തിക്ക് മലയാളികളുടെ മനസ്സ് കീഴടക്കാനായില്ല. മറ്റു മലയാളി നടിമാരെ പോലെ കീർത്തിയും അടുത്ത തന്റെ തട്ടകമായി തിരഞ്ഞെടുത്തത് തമിഴകമായിരുന്നു. മലയാളികളെ എന്നും സ്വീകരിച്ചിട്ടുളള തമിഴ് മക്കൾ കീർത്തിയെയും മനസ്സാ സ്വീകരിച്ചു. 2015 ലാണ് തമിഴിൽ കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. ‘ഇതു എന്ന മായം’ എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായിക ആയിട്ടായിരുന്നു തുടക്കം. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കീർത്തിയെ തേടി നിരവധി സിനിമകൾ എത്തി. തമിഴിൽ അരങ്ങേറ്റം കുറിച്ചതിനുപിന്നാലെ തെലുങ്കിലും കീർത്തി അരങ്ങേറ്റം നടത്തി. 2016 ൽ പുറത്തിറങ്ങിയ ‘നേനു സൈലജ’ ആയിരുന്നു കീർത്തിയുടെ ആദ്യ തെലുങ്ക് ചിത്രം. ബോക്സോഫിസിൽ വൻ ഹിറ്റായിരുന്നു സിനിമ.

തെലുങ്കിൽ വിജയം നേടിയെങ്കിലും കീർത്തി കരിയറിനു പ്രാധാന്യം നൽകിയത് തമിഴകത്തായിരുന്നു. 2016 ൽ തന്നെ 3 സിനിമകളിൽ കീർത്തി അഭിനയിച്ചു. ശിവകാർത്തികേയൻ നായകനായ രജനി മുരുകൻ, ധനുഷ് നായകനായ തൊടരി എന്നീ 2 ചിത്രങ്ങളും കീർത്തിക്ക് പരാജയം നൽകി. എന്നാൽ കീർത്തിയുടെ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു അതേവർഷം പുറത്തിറങ്ങിയ ‘റെമോ’. ശിവകാർത്തികേയനൊപ്പം രണ്ടാമതും കീർത്തി ഒന്നിച്ച സിനിമ വൻ ഹിറ്റായിരുന്നു. കീർത്തിയുടെ കാവ്യ എന്ന കഥാപാത്രം തമിഴരുടെ ഹൃദയം കീഴടങ്ങി.

റെമോയുടെ വിജയത്തിനുശേഷം പിന്നെ തമിഴകത്ത് കീർത്തിയുടെ കാലമായിരുന്നു. ദളപതി വിജയ് നായകനായ ഭൈരവയിൽ നായികയായതോടെ കീർത്തി നമ്പർ വൺ നായികയായി മാറി. ഇപ്പോൾ തമിഴകത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി കരാർ ഒപ്പിട്ടു കഴിഞ്ഞു കീർത്തി. താരത്തിന്റെ പുത്തൻ മേക്കോവറിലുളള വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. വിവോ ലാമോര്‍ എന്ന ലൈഫ് സ്റ്റൈല്‍ മാഗസിന്റെ കവർഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ ക്യൂട്ട്നെസ് ഒക്കെ മാറി സ്റ്റൈലിഷാണ് കീർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook