/indian-express-malayalam/media/media_files/uploads/2022/06/Idavela-Babu-Ganesh-Kumar.jpg)
താരസംഘടനയായ അമ്മ ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശം കൂടുതൽ വിവാദങ്ങളിലേക്ക്. അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരെ രംഗത്തുവന്നിരിക്കുകയാണ് എംഎൽഎ ഗണേഷ് കുമാർ.
അമ്മ ഒരു ചാരിറ്റബിൾ സംഘടനയായാണ് രജിസ്റ്റർ ചെയ്തത്, അതിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ഇടവേള ബാബുവോ അല്ലെങ്കിൽ അമ്മ പ്രസിഡന്റ് മോഹൻലാലോ വ്യക്തമാക്കണം എന്നാണ് മാധ്യമങ്ങളോട് പ്രതികരിക്കവെ ഗണേഷ് കുമാർ പ്രതികരിച്ചത്.
"അമ്മ ഒരു ക്ലബ്ബ് അല്ല. സാധാരണ ക്ലബ്ബുകളിൽ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയിൽ ഒരുക്കിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ട്. എന്റെ അറിവിൽ അമ്മ ഒരു ചാരിറ്റബിൾ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് അമ്മയുടെ പ്രസിഡന്റ് മോഹൻലാലും ഇടവേള ബാബുവും വ്യക്തമാക്കണം. ഇടവേള ബാബുവിന്റെ പ്രസ്താവന വളരെ വേദനിപ്പിച്ചു. അമ്മയിലെ അംഗങ്ങൾ വാർദ്ധ്യകത്തിൽ കഷ്ടപ്പെടാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. അമ്മ ക്ലബ്ബായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം," ഗണേഷ് കുമാർ പറഞ്ഞു. അമ്മ ക്ലബ്ബാണെങ്കിൽ താൻ രാജിവയ്ക്കുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി.
ദിലീപ് രാജിവച്ചതുപോലെ, നടിയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപണവിധേയനായ വിജയ് ബാബുവും അമ്മയിൽ നിന്നും രാജിവയ്ക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.