താരസംഘടനയായ ‘അമ്മ’ ക്ലബ് ആണെന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങൾ തുടരുന്നു. അമ്മ ക്ലബ് തന്നെയാണെന്ന് ആവർത്തിച്ച ഇടവേള ബാബുവിനെതിരെ നടനും എംഎൽഎയുമായ ഗണേഷ് കുമാർ വീണ്ടും രംഗത്തെത്തി. താൻ ചോദിച്ച കാര്യങ്ങൾക്കുള്ള മറുപടിയല്ല ലഭിച്ചത്. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു.
വാശിയോടെ ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്നും ഇടവേള ബാബു വ്യക്തമാക്കണം. ക്ലബ്ബിന്റെ അർത്ഥം പഠിപ്പിക്കുന്നതിന് മുൻപ് അതിജീവിതയുടെ ചോദ്യങ്ങൾക്ക് ബാബു മറുപടി നൽകട്ടെ എന്നും ഗണേഷ് കുമാർ പറഞ്ഞു.
ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സംഘടന സ്വീകരിക്കണം. വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് താൻ ആവശ്യപ്പെട്ടതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ബിനീഷ് കോടിയേരിയുടെ പോലൊരു കേസല്ല ഇത്. അത് ഒരു സാമ്പത്തിക കുറ്റമായിരുന്നു. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടന്ന ദിവസം താൻ അമ്മയുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കൊട്ടാരക്കയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനാൽ അവിടെ ആയിരുന്നു. അന്ന് വീട്ടിൽ ഉണ്ടായിരുന്നു. അച്ഛൻ ഉള്ള സമയമാണ്. ടിവിയിൽ വാർത്തയിൽ അമ്മയുടെ യോഗത്തിൽ ഞാനും മുകേഷും ശബ്ദമുയർത്തുന്നു എന്ന് കാണിച്ചു. അച്ഛനാണ് അത് കാണിച്ചു തന്നത്. ഉടനെ ഇടവേള ബാബുവിനെ വിളിച്ചു. അത് മാറി. അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു കാണണം, ഗണേഷ് പറഞ്ഞു.
മറുപടി കത്തിൽ ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കേസിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയതാണ്. അതൊക്കെ നടക്കുമ്പോൾ ബാബു അമ്മയുടെ കമ്മിറ്റിയിൽ പോലുമില്ലെന്നും ഗണേഷ് പറഞ്ഞു.
Also Read: ഗണേഷ്കുമാറിന് മറുപടിയുമായി ഇടവേള ബാബു; ‘അമ്മ’യിൽ പോര് മുറുകുന്നു