തിരുവനന്തപുരം: രണ്ടാമത് കാഴ്ച ഇൻഡീ ഫിലിം ഫെസ്റ്റിവലിന് വഴുതക്കാട് ലെനിൻ ബാലവാടിയിൽ തിരശ്ശീല ഉയർന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള പോലുള്ള മുഖ്യധാര ചലച്ചിത്ര മേളകളിൽ അർഹിക്കുന്ന ശ്രദ്ധയും വേദിയും അവസരവും കിട്ടാതെ പോകുന്ന സിനിമകൾക്ക് വേദിയൊരുക്കുക എന്ന ബദൽ സങ്കൽപ്പവുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഫിലിം സൊസൈറ്റിയാണ് ‘കാഴ്ച’ യുടെ സംഘാടകർ.

‘അലിഗഢ്’ എന്ന ഹിന്ദി സിനിമയുടെ തിരക്കഥാകൃത്തും എൽജിബിടിക്യൂ ആക്റ്റിവിസ്റ്റുമായ അപൂർവ്വ അസ്രാനി രണ്ടാമത് കാഴ്ച ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ‘സെക്സി ദുർഗ്ഗ’യ്ക്ക് വേണ്ടി സനൽകുമാർ ശശിധരൻ നടത്തിയ പോരാട്ടങ്ങൾ ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ‘സെക്സി ദുർഗ്ഗ’യെ വളർത്തിയെന്ന് അപൂർവ്വ അസ്രാനി അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രശസ്ത ഫിലിം ക്രിട്ടിക്കായ സച്ചിൻ ചാറ്റെയും സംസാരിച്ചു. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഡെക്കറേഷൻ പോലുള്ള കാര്യങ്ങൾക്കു മാത്രമായി ആറു കോടി രൂപയോളം ചെലവിടുമ്പോൾ പരിമിതമായ ബജറ്റിൽ വൈബ്രന്റായൊരു മേള സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിക്കുകയാ യിരുന്നു സച്ചിൻ ചാറ്റെ.

ബഹുസ്വരത എന്നതാണ് ഇത്തവണ മേളയുടെ പ്രമേയം. “മതേതരത്വവും ജനാധിപത്യപരവുമായ സംവാദയിടങ്ങളിലെല്ലാം നിശബ്ദത പാലിക്കുക എന്ന അച്ചടക്ക ബോർഡുകൾ തൂങ്ങിക്കഴിഞ്ഞു. സിനിമകൾ തിരശീലയിൽ അവസാനിക്കണം, ആസ്വാദനം മടിശ്ശീലയിലൊതുങ്ങണം എന്ന തരത്തിലുള്ള ഉദ്ബോധനങ്ങളാണ് ചുറ്റും. ഇവിടെ രാഷ്ട്രീയം പറയരുതെന്ന ബോർഡെഴുതി തൂക്കിയ ചായക്കടകളെ പോലെ ഇവിടെ പ്രതിഷേധം പാടില്ലെന്ന അദൃശ്യമായ താക്കീതോടെയാണ് പല മേളകളും പ്രവർത്തിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ ഇവിടെ രാഷ്ട്രീയം പറയാം എന്ന വലിയ അക്ഷരങ്ങളിൽ എഴുതിയ വേദികൾ ഉണ്ടായേ തീരൂ. കാഴ്ച- നിവ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ മുന്നോട്ടുവയ്ക്കുന്നത് അത്തരമൊരു വേദിയാണ്,” സനൽകുമാർ ശശിധരൻ പറയുന്നു.

ഉദ്ഘാടനത്തിന് ശേഷം ഋതുപർണോ ഘോഷിനെ കുറിച്ച് സംഗീത ദത്ത തയ്യാറാക്കിയ ‘ബേർഡ് ഓഫ് ഡസ്ക്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു. ഇന്ത്യൻ ചലച്ചിത്രമേളകളിലെ ദുഷ്‌പ്രവണതകൾക്ക് ഒരു തിരുത്തൽ ശക്തി എന്ന ആശയവുമായി 2017ലാണ് കാഴ്ച ഇൻഡീ ഫിലിം ഫെസ്റ്റിവൽ (കിഫ്) ചലച്ചിത്രമേള ആരംഭിച്ചത്. ഇത്തവണ 12 സ്വതന്ത്ര ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിക്കുന്നത്. ഡൊമിനിക് സംഗ്മയുടെ ‘പുപ’, ‘മമ്മ’, റിഥം ജാൻവെയുടെ ‘ദ ഗോൾഡ് ലേഡൺ ഷീപ്പ് ആന്റ് ദി സേക്രഡ്‌ മൗണ്ടന്‍’, ആദിത്യവിക്രം സെൻഗുപ്ത യുടെ ‘ജോനകി’, കബീർ സിംഗ് ചൗധരിയുടെ ‘മെഹ്സംപൂർ’, അംഷാൻ കുമാറിന്റെ ‘മനുസൻഗാഥ’, പ്രവീൺ സുകുമാരന്റെ ‘സായാഹ്നങ്ങളിൽ ചില മനുഷ്യർ’, സിൽ റിഥേഷിന്റെ ‘ത്രെഡ് ഓഫ് ഫേറ്റ് കാത്പുഡ്‌ലി’, സംഗീതദത്തയുടെ ‘ബേഡ് ഓഫ് ഡസ്ക്’, ദർ ഗായ്‌യുടെ ‘നംദേവ് ബാഹു ഇൻ സെർച്ച് ഓഫ് സൈലൻസ്’, സരിത ഖുറാന- സ്മൃതി മുൻദ്ര ടീമിന്റെ ‘എ സ്യൂട്ടബിൾ ഗേൾ’, ‘ഗാർബേജ്” എന്നിവയാണ് ചിത്രങ്ങൾ.

Kazcha indie film festival opens 1

ഇപി മുഹമ്മദ്, സണ്ണി എം കപിക്കാട്, കൽക്കി സുബ്രഹ്മണ്യം, ഡോ. സുനിത ടിവി തുടങ്ങിയവരുടെ പ്രസംഗങ്ങളും പാനൽ ഡിസ്കഷനുകളും സംവാദങ്ങളും സ്ക്രിപ്റ്റ് ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ്, മീറ്റ് ദ ലെജന്റ് സെക്ഷൻ, ബ്രിഡ്ജ് (മിഡ്നൈറ്റ് ചാറ്റ് ബ്രിഡ്ജിംഗ് ബൗണ്ടറീസ്), ഫൊട്ടോഗ്രാഫി എക്സിബിഷൻ എന്നിവയും കിഫിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 10 വരെയാണ് കാഴ്ച ഇൻഡീ ഫിലിം ഫെസ്റ്റിവൽ.

സ്വതന്ത്രസിനിമാസംരംഭങ്ങൾ പാടെ അവഗണിക്കപ്പെടുന്ന ഒരുകാലഘട്ടത്തിൽ വാണിജ്യസിനിമാസങ്കൽപ്പങ്ങളിൽ നിന്ന് വേറിട്ടു ചിന്തിക്കാനുള്ള ധൈര്യം ഓരോ യുവസംവിധായകർക്കും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൗഡ്ഫണ്ടഡ് സംരംഭമായ കിഫ് പ്രവർത്തിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ