കേരള രാജ്യാന്തര ചലച്ചിത്ര മേള ഉള്‍പ്പെടെയുള്ള സാംസ്‌കാരിക മേഖലയിലെ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് ജനാധിപത്യ സ്വഭാവം കൈമോശം വന്നതിന്‍റെ പശ്ചാത്തലത്തില്‍, നല്ല സിനിമകള്‍ക്ക്‌ അവ അര്‍ഹിക്കുന്ന വേദിയും അവസരവും നല്‍കിയേ തീരൂ എന്നൊരു ഓര്‍മ്മപ്പെടുത്തലാണ് കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവല്‍ (കിഫ്). സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട കാഴ്ച ഫിലിം സൊസൈറ്റിയാണ് ഈ മേള രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കിഫിനെക്കുറിച്ച് സനല്‍ പറയുന്നതിങ്ങനെ.

‘മിക്ക ചലച്ചിത്ര മേളകളും സർക്കാർ അല്ലെങ്കിൽ കോർപറേറ്റ് സഹായത്തോട് കൂടിയുള്ളതാണ്. നമ്മുടെ സർക്കാരിന്‍റെ കീഴിലുള്ള മേളയുടെ പോസ്റ്ററുകൾ കണ്ടാൽ തന്നെ അതിൽ മന്ത്രിമാരുടെ പടമാണ് വലുതായി കാണിച്ചിരിക്കുന്നത്. കേരളത്തിലെ ചലച്ചിത്ര മേള രാഷ്ട്രീയക്കാരേയും സർക്കാരിനേയും ഉദ്ധരിക്കാനാണ് ഉപയോഗിക്കുന്നത്. അല്ലാതെ സിനിമയെ പ്രോത്സാഹിപ്പിക്കാനല്ല. ഇനി കോർപറേറ്റുകൾ പ്രതിനിധാനം ചെയ്യുന്ന മേളകളിലാണെങ്കിൽ സിനിമ ഉപയോഗിച്ച് അവരുടെ ബ്രാൻഡ് എങ്ങനെ വളർത്താം എന്ന് മാത്രമാണ് നോക്കുന്നത്. ഇതിനു രണ്ടിനുമിടയ്ക്ക് നിൽക്കുന്ന മേളകൾ വളരെ അപൂർവമാണ്. എന്നാൽ അത്തരം ഇടങ്ങൾ നമുക്ക് വളരെ അധികം വേണം. കാരണം സ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാതിരിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്.’

ഒരു കലാകാരന് സ്വന്തം നിലയ്ക്ക് നിൽക്കാനുള്ള സ്വാതന്ത്ര്യം കിട്ടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. അതിനൊരു വേദി ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സനല്‍കുമാര്‍ ശശിധരന്‍

കൂടുതല്‍ വായിക്കാം: ഐ എഫ് എഫ് കെയ്ക്ക് ബദല്‍ എന്തിന്?, സനല്‍ കുമാര്‍ ശശിധരന്‍

ഡിസംബർ 8 മുതൽ 11 വരെ തിരുവനന്തപുരത്തെ വഴുതക്കാടുള്ള ലെനിൻ ബാലവാടിയിലാണ് കിഫ് നടക്കുക. ഒ.കെ.ജോണിയാണ് കിഫിന്‍റെ ഡയറക്ടര്‍.

‘ഗോവ രാജ്യാന്തര ചലച്ചിത്ര മേള ഉൾപ്പെടെ ഉള്ള നമ്മുടെ സാംസ്‌കാരിക മേഖലയിലെ ഔദ്യോഗിക സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ചലച്ചിത്ര മേളയിലേക്കുള്ള തിരഞ്ഞെടുപ്പിലുമൊക്കെ കലാപരമായ മാനദണ്ഡങ്ങൾ മാറ്റി വച്ചുകൊണ്ട് ജൂറിയെ പോലും മറികടക്കുവാൻ സർക്കാർ ശ്രമിക്കുന്നത്. അത്തരം അവസരത്തിൽ എഴുത്തുകാരും, ചലച്ചിത്ര പ്രവർത്തകരും, സാംസ്‌കാരിക പ്രവർത്തകരും അവരവരുടെ മേഖലയിൽ ബദൽ സംവിധാനങ്ങൾ ഉണ്ടാക്കുകയേ ഇനി നിവർത്തിയുള്ളൂ. ‘, ജോണി പറയുന്നു

ചലച്ചിത്ര മേളകളോടുള്ള ഒരു പ്രതിഷേധം പ്രകടിപ്പിക്കാൻ വേണ്ടിയുള്ള ഒരു വേദിയായിട്ടാണ് ഈ ഒരു കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവലിനെ കാണാവുന്നത്. ലോകമെമ്പാടും ഇത്തരം ബദലായിട്ടുള്ള സംഘങ്ങളാണ് എല്ലാ മേഖലയേയും ഫലവത്തായ നിലയിൽ മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്. അതാണ് എന്നെ ഈ മേളയുടെ കൂടെ നിൽക്കാൻ പ്രേരിപ്പിച്ചതും’, ഒ.കെ.ജോണി

പതിമൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്‌. ഷാനവാസ്‌ നാരണിപ്പുഴ സംവിധാനം ചെയ്ത ‘കരി’യാണ് കിഫിലെ ഉദ്ഘാടന ചിത്രം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ലയേർസ് ഡൈസ്’ ക്ലോസിങ് ചിത്രവും. ഇവ കൂടാതെ മലയാള ചിത്രങ്ങളായ വിത്ത് (സംവിധാനം. ഡോണ്‍ പാലത്തറ), തൂപ്പ് (സംവിധാനം. സന്ദീപ്‌ അധികാരി) എന്നിവയും നോര്‍ത്ത് ഈസ്റ്റ്‌ ചിത്രങ്ങളായ കോതനൊടി (സംവിധാനം.. ഭാസ്ക്കര്‍ ഹസാരിക), ഹാണ്ടുക് (സംവിധാനം. ജയ്ചെന്ഗ് ജയ് ദോഹുതിയ) എന്നീ ചിത്രങ്ങളും ഉണ്ടാകും. കര്‍മ ഥാപ സംവിധാനം ചെയ്ത ‘രലാംഗ് റോഡ്‌’എന്ന നേപ്പാളി ചിത്രവും ബോബി ശര്‍മയുടെ ‘ദി ഗോള്‍ഡന്‍ വിങ്’ എന്ന രാജ്ഭോന്ഷി ഭാഷയിലുള്ള ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും.

 

വിവിധ പുരസ്കാരങ്ങള്‍ നേടിയ ജിജു ആന്റണിയുടെ മറാത്തി ചിത്രം ‘ഇലി ഇലി ലാമ സബച്താനി’യും മിറാന്‍ഷാ നായിക്കിന്‍റെ കൊങ്കണി ചിത്രമായ ‘ജൂസും’, പുഷ്പേന്ദ്ര സിങ് സംവിധാനം ചെയ്ത ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം ‘അശ്വത്ഥാമാ’യും കിഫില്‍ ഉള്‍പ്പെടും. ഇത് കൂടാതെ പദ്മകുമാര്‍ നരസിംഹന്‍ സംവിധാനം ചെയ്ത ‘എ ബില്ല്യന്‍ കളര്‍ സ്റ്റോറി’, ഏക്താരാ കളക്റ്റിവിന്‍റെ ‘തുരുപ്’ എന്നീ ചിത്രങ്ങളും ഉണ്ടാകും.

“കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവൽ ഒരു സ്വതന്ത്ര ചലച്ചിത്ര മേളയാണ്. ഐഎഫ്എഫ്കെയിൽ ചില ഹിറ്റ് സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതൊക്കെ കേരളത്തിൽ സിനിമയോട് താല്പര്യമുള്ള എല്ലാവരും കണ്ടു കഴിഞ്ഞ ചിത്രങ്ങളാണ്. അവയൊന്നും മോശം സിനിമകൾ ആണെന്ന് ഞാൻ കരുതുന്നില്ല പക്ഷേ അത്തരം ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെ പോലൊരു വേദിയുടെ ആവശ്യമില്ല. ചില നല്ല സിനിമകൾ ലോകത്തിന് മുൻപിലേക്ക് അവതരിപ്പിക്കാനുള്ള അവസരം ഇതുകൊണ്ട് നഷ്ടമായി. ഇത് എല്ലാ വർഷവും നടക്കുന്ന ഒരു കാര്യമാണ്. ഇതിനെതിരെ ഒരു തിരുത്തൽ എന്ന നിലയിലാണ് ഞങ്ങൾ കാഴ്ച ചലച്ചിത്ര മേള നടത്തുന്നത്.”, സംവിധായകനും, മേളയുടെ വക്താവുമായ ജിജു ആന്റണി പറയുന്നു.

ഇത്തരം നല്ല സിനിമകൾ ഇവിടെ ഉണ്ടാവുന്നുണ്ട് എന്നും അവയ്ക്ക് അവസരം നൽകണമെന്നും ഒരു ഓർമപ്പെടുത്തൽ കൂടിയാണിത്, ജിജു ആന്റണി

eli eli_Jijo Antony Film

ഇലി ഇലി ലാമ സബച്താനി

മേളയുടെ ഉദ്ഘാടനം

കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം ദേശിയ പുരസ്കാരം നേടിയ ‘ഷിപ് ഓഫ് തിസ്യൂസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ആനന്ദ് ഗാന്ധി നിർവ്വഹിക്കും. ദിവസവും മൂന്നു പ്രദര്‍ശനവും (രാവിലെ 10 മണി, ഉച്ചക്ക് 2 മണി, രാത്രി 7 മണി) ഓരോ പ്രദർശനത്തിനും ശേഷം ചർച്ചയ്ക്കുള്ള അവസരവും ഉണ്ടായിരിക്കും. മേളയുടെ എല്ലാ ദിനങ്ങളിലും 4 മണിക്ക് സംവിധായകരും മറ്റ് സിനിമാ പ്രവർത്തകരുമൊക്കെ ചേര്‍ന്നുള്ള ‘ഡയറക്ടർസ് കോർണർ’ എന്ന സംവാദവുമുണ്ടാകും. ദിവസവും ഉച്ചക്ക് 2.30 ക്ക് മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ വച്ച് ഡോക്യുമെന്ററി പ്രദർശനങ്ങള്‍ ഉണ്ടാകും. അതിനോടൊപ്പം സ്വതന്ത്ര സിനിമ നിർമ്മാണം, സ്വതന്ത്ര സിനിമകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഉള്ള സാധ്യതകൾ എന്ന വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും നടക്കും. രാത്രി 9.30ക്ക് ഐഎഫ്എഫ്കെയിലും കിഫിലും അന്ന് പ്രദർശിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താനുള്ള ഒരു ഇടം എന്ന നിലയിൽ ‘ബ്രിഡ്‌ജ്‌’ എന്നൊരു ചർച്ചാവേദിയും ഒരുക്കും.

സംവിധായകൻ ആനന്ദ് ഗാന്ധിയുടെ ‘മെമെസിസ് ലാബ്’ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘വിർച്വൽ റിയാലിറ്റി ഷോ’ യും മേളയുടെ ഭാഗമായി നടക്കും. ലെനിൻ ബാലവാടിയിൽ തന്നെ ഷിജു ബഷീറിന്‍റെ ഫോട്ടോ പ്രദർശനവും ഉണ്ടാകും.

‘ഞങ്ങൾ ഒരിക്കലും ഐഎഫ്എഫ്കെയുമായി യുദ്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. കിഫിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം സിനിമയെ കൂടുതൽ അറിഞ്ഞത് ഐഎഫ്എഫ്കെയിലൂടെയാണ്.’, എന്ന് ജിജു ആന്റണി വ്യക്തമാക്കുന്നു. കിഫിന്‍റെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവു കിട്ടുമ്പോള്‍ ഐഎഫ്എഫ്കെയിലെ സിനിമകൾ കാണാനും തങ്ങൾ ഉണ്ടായിരിക്കും എന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook