കാത്തിരിപ്പിനൊടുവില്‍ റോഷന് ആന്‍ഡ്രൂസിന്റെ നിവിന്‍ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണി’ തിയ്യറ്ററുകളിലേക്ക്. ഒാണ ചിത്രമായി ഇറങ്ങേണ്ടിയിരുന്ന കൊച്ചുണ്ണി പിന്നീട് പല കാരണങ്ങള്‍ കൊണ്ട് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഒക്ടോബര്‍ 11ന് തിയ്യറ്ററുകളിലെത്തുമാണ് നിവിന്‍ പോളി അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് താരം റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം മുംബൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമുണ്ടായിരുന്നു. നായക വേഷത്തിലെത്തുന്ന നിവിനും ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത് എന്നാണ് ആ പ്രദര്‍ശനത്തിലെ പ്രതികരണങ്ങളില്‍ നിന്നും മനസിലായത്. ഷൈന്‍ ടോം ചാക്കോ, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി സഞ്ജയ്-ബോബി ഒരുക്കുന്നതാണ് ‘കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ. ക്യാമറ. ബിനോദ് പ്രധാന്, എഡിറ്റര്‍. ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍. സുനില്‍ ബാബു, സൗണ്ട് ഡിസൈന്‍. പി.എം.സതീഷ്, മനോജ് ഗോസ്വാമി, സംഗീതം. ഗോപി സുന്ദര്‍.
2017 സെപ്റ്റംബര്‍ 30നു തുടങ്ങിയ ചിത്രീകരണം മംഗലാപുരം, ഉഡുപ്പി, ശ്രീലങ്ക എന്നിവടങ്ങളിലായി 161 ദിവസം നീണ്ടു. ബിനോദ് പ്രധാനെക്കൂടാതെ നീരവ് ഷാ, സുധീര്‍ പല്സനെ എന്നിവരും ‘കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 45 കോടി രൂപയാണ് ചിത്രത്തിന് വേണ്ടി ചിലവായതെന്നും ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍ സൂചിപ്പിക്കുന്നു.