കേരളം മഴക്കെടുതി അനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത് ബോക്സ്ഓഫീസിന്റെ നിലവിലെ പദ്ധതികളെ പാടേ മാറ്റി മറിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മോഹന്‍ലാല്‍ ചിത്രങ്ങളുടെ കാര്യം. മൂന്നു ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തു വരാനുള്ളത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’, രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമ’, ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

Read More: ഓണചിത്രങ്ങളുടെ റിലീസ് മാറ്റി വച്ചു

ഓണത്തിനു റിലീസ് ചെയ്യാനായി സെന്‍സര്‍ കഴിഞ്ഞിരിക്കുന്ന ചിത്രമാണ്  ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍ പൊളി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ പോസ്റ്ററുകള്‍, ട്രൈലെര്‍, ഗാനങ്ങള്‍ എല്ലാം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവയാണ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒക്ടോബറില്‍ എത്തും എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി അനുസരിച്ച് മാറ്റം വരാനും സാധ്യതയുണ്ട് എന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.  ഇതു സംബന്ധിച്ച് രണ്ടു സിനിമയുടെയും അണിയറക്കാരുമായി ഫിലിം ചേംബര്‍  ഓഗസ്റ്റ്‌ 30ന് ചർച്ച നടത്തും.

40 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവ്. ഏകദേശം 25 കോടി രൂപയ്ക്ക് ഇറോസ് ഇന്റര്‍നാഷ്ണല്‍, സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശവും (തമിഴ് തെലുങ്ക് പതിപ്പുകളുടെ അവകാശം ഉള്‍പ്പടെ), ഓള്‍ ഇന്ത്യ തിയേറ്റര്‍ അവകാശവും സ്വന്തമാക്കിയാതായും, ഫാര്‍സ് ഫിലിംസ് ‘കായംകുളം കൊച്ചുണ്ണി’യുടെ ഓവര്‍സീസ് റൈറ്റ്സ് നാല് കോടി രൂപയ്ക്ക് സ്വന്തമാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് നാല് കോടി, സാറ്റലൈറ്റ് റൈറ്റ്‌സ് ഏകദേശം പത്ത് കോടിക്ക് മുകളില്‍ എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ ഔദ്യോഗികമായി ഇത് വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ ആണ് മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ മറ്റൊരു വലിയ ചിത്രം. ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്തും എന്ന് കരുതിയിരുന്ന ചിത്രം ഇപ്പോള്‍ ‘കായംകുളം കൊച്ചുണ്ണി’യ്ക്ക് വഴി മാറിയതായി വിവരം ലഭിക്കുന്നു. ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഓഗസ്റ്റ്‌ 15ന് റിലീസ് ചെയ്യും എന്നാണു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് ഇത് വരെ ഉണ്ടായിട്ടില്ല. ‘കായംകുളം കൊച്ചുണ്ണി’ക്കൊപ്പം ഈ ഓണക്കാലത്ത് തിയേറ്ററുകളിലും ‘ഒടിയന്‍’ ട്രെയിലർ പ്രദര്‍ശിപ്പിക്കും എന്നും വാര്‍ത്തകളുണ്ടായിരുന്നു.

Read More: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’ ട്രെയിലര്‍ മമ്മൂട്ടി റിലീസ് ചെയ്യുമോ?

പല പ്രായങ്ങളിലുള്ള കഥാപാത്രത്തിനു വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചതും മറ്റും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചതാണ്. പാലക്കാട്‌ പ്രദേശത്തുള്ള ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌..ആക്ഷന് പ്രാമുഖ്യമുള്ള ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.   ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. മലയാള സിനിമയില്‍ ഇതു വരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ ‘ഒടിയ’നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രാണ് രഞ്ജിത് ഒരുക്കുന്ന ‘ഡ്രാമ’. ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്‌ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഓഗസ്റ്റ്‌ 15 ന് നടത്താനിരുന്ന ‘ഡ്രാമ’യുടെ ട്രെയിലർ റിലീസും കേരളത്തിനെ പ്രളയക്കെടുതി കണക്കിലെടുത്ത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

“കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലർ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ”, സംവിധായകൻ രഞ്ജിത് പറഞ്ഞു. ചിത്രം ഓണത്തിനെത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഡ്രാമ’യും ഒക്ടോബറില്‍ തന്നെ റിലീസ് ചെയ്യുമോ അതോ അടുത്ത മാസത്തിലേക്ക് മാറുമോ എന്ന് വ്യക്തമായിട്ടില്ല.

ഇങ്ങനെ മൂന്ന് ചിത്രങ്ങള്‍ അടുത്തടുത്ത്‌ വരാനുള്ള കാരണം ‘ഒടിയന്‍’ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ വേഷപ്പകര്‍ച്ചയാണ് എന്ന് കരുതപ്പെടുന്നു. പല കാലങ്ങളില്‍ ഉള്ള ‘ഒടിയന്റെ’ ലുക്ക്‌ നിലനിര്‍ത്താനായി അദ്ദേഹം പല സിനിമകളും മാറ്റി വച്ചതായി അറിയാന്‍ കഴിയുന്നു. ‘ഒടിയന്റെ’ ചിത്രീകരണവും സാധരണയിലും നീണ്ട  ഒന്നായിരുന്നു. അത് കൊണ്ട് തന്നെ, 2018 തുടങ്ങി എട്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാലിന് ഈ വര്‍ഷത്തെ റിലീസ് എന്ന് പറയാന്‍ ‘നീരാളി’ എന്ന ചിത്രം മാത്രം. അതാകട്ടെ, ബോക്സ്ഓഫീസില്‍ വലിയ ചലനങ്ങളും ഉണ്ടാക്കിയില്ല. (ഈ വര്‍ഷം തന്നെ അദ്ദേഹം മകന്‍ പ്രണവിന്റെ കന്നി ചിത്രമായ ‘ആദി’യില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു). മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ജനപ്രിയതയെ കേന്ദ്രീകരിച്ചു നടക്കുന്ന ബോക്സ്ഓഫീസ് കളക്ഷനും ഒക്ടോബര്‍ പ്രധാനപ്പെട്ട ഒരു മാസമായിത്തീരുന്നതും എന്നത് തീര്‍ച്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook