ഈ ഓണത്തിന് റിലീസ് ചെയ്യുന്ന പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ് റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി വേഷമിടുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചെയ്തിതിനു പിന്നാലെ അതിലെ പോസ്റ്ററുകളും ‘ബീഹൈന്‍ഡ് ദി സീന്‍സ്’ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

 

കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷൻ എന്നും അതിനു വേണ്ടി എടുത്ത പരിശ്രമങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

“1830 കാലഘട്ടമാണ് ചിത്രീകരിക്കേണ്ടത് എന്നതിനാൽ തന്നെ അന്നത്തെ ഓരോന്നും, കല്ല് വിരിച്ച വഴികൾ, തിങ്ങിയ റോഡുകൾ, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം എന്നിങ്ങനെ പലതും വീണ്ടും സൃഷ്ടിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും ഏറെ മാറ്റങ്ങൾ ഉണ്ടായിരുന്ന സമയമാണ് അത്. ഏകദേശം മൂന്ന് മാസത്തോളമാണ് ലൊക്കേഷൻ കണ്ടെത്തുവാനായിട്ട് ചിലവഴിച്ചത്. ചിത്രത്തിനായി നടത്തിയയ് നിരന്തരമായ ഗവേഷണങ്ങളിൽ നിന്നും ക്രോഡീകരിച്ച ആശയങ്ങൾ കോർത്തിണക്കി ചിത്രത്തിന് ആവശ്യമായ ലൊക്കേഷനുകൾ കണ്ടെത്തുക എന്നത് സംവിധായകൻ റോഷൻ ആൻഡ്രൂസിനും സംഘത്തിനും വളരെ അദ്ധ്വാനം ആവശ്യമായി വരുന്ന ഒന്നായിരുന്നു. അതിന്റെ ഭാഗമായി കൊച്ചുണ്ണി ജീവിച്ചിരുന്ന കായംകുളം മുഴുവൻ അവർ അലഞ്ഞു. സംവിധായകൻ മനസ്സിൽ വരച്ചെടുത്ത കൊച്ചുണ്ണിയുടെ കാലത്തെ സ്ഥലങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാൻ വവ്വാക്കാവ്, ഏവൂർ, കൊച്ചുണ്ണി ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന വലിയ വീട്ടിൽ പീടിക നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നയിടം,
അങ്ങനെ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചു. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും 150 വർഷം മുൻപ് ആ സ്ഥലം എങ്ങനെയായിരുന്നുവെന്ന് ഒരു ചിത്രം ഭാവനയിൽ വരച്ചെടുത്തു. അങ്ങനെ കിട്ടിയ ആശയങ്ങളെ കലാസംവിധായകനുമായി റോഷൻ ആൻഡ്രൂസ് ചർച്ച ചെയ്ത് കുറെയേറെ സ്കെച്ചുകൾ തയ്യാറാക്കി.

സ്കെച്ചുകൾ തയ്യാറാക്കിയതിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസും, അസ്സോസിയേറ്റ് ദിനേശ് മേനോൻ, പ്രോഡക്ഷൻ ഡിസൈനർ സുനിൽ ബാബു എന്നിവർ ശ്രീലങ്കയിലേക്ക് ലൊക്കേഷൻ തേടി യാത്ര തിരിച്ചു. 7 – 8 ദിവസങ്ങൾ കൊണ്ട് ശ്രീലങ്ക ചുറ്റിക്കാണുകയും ലൊക്കേഷനുകൾ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവിടെ ഷൂട്ട് ചെയ്യുന്നത് ചിലവ് കൂട്ടുമെന്നതിനാൽ ക്ലൈമാക്സ് മാത്രം ശ്രീലങ്കയിൽ ഷൂട്ട് ചെയ്യുവാൻ തീരുമാനിച്ചു. പിന്നീട് ഉള്ള ലക്ഷ്യം ഏറ്റവും അനുയോജ്യമായ സ്ഥലം നാട്ടിൽ തന്നെ കണ്ടെത്തുക എന്നതായിരുന്നു. അതിന് വേണ്ടി മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പല സ്ഥലങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. സ്വരുക്കൂട്ടിയ വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ ഉഡുപ്പിയാണെന്ന് അന്തിമ തീരുമാനത്തിലെത്തി. ഉഡുപ്പിയും മംഗലാപുരവുമാണ് ഏറ്റവും മികച്ച ലൊക്കേഷനുകൾ എന്ന് മനസ്സിലാക്കി പത്ത് ദിവസം അവിടെ തങ്ങി ലൊക്കേഷനുകൾ തീർച്ചപ്പെടുത്തി.  കാട് ഒഴിവാക്കാൻ ആകാത്ത ഒരു ഘടകമായതിനാൽ വവ്വാക്കാവുമായി ഏറെ സാമ്യം പുലർത്തുന്ന കടബ തന്നെ അതിനായി തിരഞ്ഞെടുത്തു.

ലോക്കേഷനുകൾ എല്ലാം കണ്ടെത്തിയതിന് ശേഷം അവയെല്ലാം ക്രിയേറ്റീവ് മീറ്റിംഗിൽ ചർച്ച ചെയ്യുകയും ഇതിന്റെ കളർ ടോൺ എന്തായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഗ്രാമം, കളരി തുടങ്ങിയ ഓരോ സെറ്റിനേയും കുറിച്ച് തീരുമാനമെടുത്തു.

ഐതിഹ്യമാലയിൽ പറയുന്ന കളരി പഠിക്കുന്നിടത്തുള്ള മരത്തിന്റെ വരെ കൃത്യമായ ഒരു പ്ലാനിംഗ് ഉണ്ടായിരുന്നു. പിന്നീടാണ് ഏറെ സാഹസികതകൾ നിറഞ്ഞ ചിത്രീകരണം ഗോവ, ഉഡുപ്പി, മംഗലാപുരം, കടബ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളിൽ പൂർത്തീകരിച്ചത്.

ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെ വെച്ച് അടുത്ത ദിവസത്തെക്കുള്ള ഷൂട്ടിങ്ങിനെ കുറിച്ച് ആർട്ട് ഡയറക്ടർ, ഛായാഗ്രാഹകൻ എന്നിങ്ങനെ കോസ്റ്റ്യും ഡിസൈനറോട് പോലും ഓരോ സീനും എവിടെ ചിത്രീകരിക്കാം, ഓരോ സെറ്റും എവിടെയായിരിക്കണം, അതിനുള്ള ലൈറ്റ് അപ്പ്, സൂര്യപ്രകാശം വരുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു.

ശ്രീലങ്കയിൽ വെച്ച് നിറയെ മുതലകൾ ഉള്ള ഒരു സ്ഥലത്ത് പോലും ഷൂട്ട് ചെയ്തിട്ടുണ്ട്. പിന്നീട് മറ്റൊരു ലൊക്കേഷൻ അതേപോലെ ലഭിക്കില്ലായെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് അവിടെ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോട് കൂടി ഷൂട്ട് ചെയ്തത്.

ഷൂട്ടിങ്ങ് തുടങ്ങിയത്തോട് കൂടി സ്കൂൾ കുട്ടികളും മുതിർന്നവരുമടക്കം പലരും വണ്ടിയൊക്കെ വാടകക്കെടുത്ത് ഷൂട്ടിങ്ങ് കാണാൻ വരുമായിരുന്നു. അതിലും രസകരമായ ഒന്നാണ് ആ തിരക്ക് കാരണം അവിടെ ഉയർന്നുവന്ന ചായക്കടയും മറ്റും..!

പാമ്പുകളും മുതലകളും ആനയും കാട്ടുപ്പോത്തുമെല്ലാം നിറഞ്ഞ ഒരു അവിസ്മരണീയ യാത്രയിലൂടെയാണ് കൊച്ചുണ്ണിയെ വാർത്തെടുത്ത ലൊക്കേഷനുകൾ കണ്ടെത്തിയത്. ആ ഒരു മനോഹാരിത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലും തീർച്ചയായും കാണാൻ സാധിക്കും.”

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ