‘കായംകുളം കൊച്ചുണ്ണി’ പ്രേക്ഷകർക്ക് കാത്തു വെയ്ക്കുന്ന അപ്രതീക്ഷിത സർപ്രൈസാണ് ബാബു ആന്റണി എന്ന നടൻ. സിനിമയിലെ നായകനായ കൊച്ചുണ്ണിയോളമോ ഇത്തിക്കരപ്പക്കിയോളമോ കയ്യടി നേടിയ മറ്റൊരു കഥാപാത്രമുണ്ടെങ്കിൽ അത് ബാബു ആന്റണിയുടെ കഥാപാത്രമായ കളരിഗുരുക്കളായ തങ്ങളാണ്. ഒരു കാലത്ത്, ആക്ഷൻ എന്ന വാക്കിന് മലയാള സിനിമയിലെ പകരക്കാരനില്ലാത്ത സാന്നിധ്യമായിരുന്ന ബാബു ആന്റണി എന്ന നടന്റെ ഗംഭീര തിരിച്ചു വരവാണ് ‘കായംകുളം കൊച്ചുണ്ണി’യിൽ കാണാൻ സാധിക്കുക.
Read More: Kayamkulam Kochunni Review: നിവിന്റെ പരിശ്രമം, മോഹന്‍ലാലിന്റെ മാജിക്
“ഞാനവന്റെ ചെവിയില്‍ ഓതി കൊടുത്തത് സ്വല്ലത്താണെന്ന് കരുതിയോ… അവന്റെ ഗുരുവാടാ ഞാന്‍”, എന്ന് ആക്രോശിക്കുന്ന ആ ഒരു നിമിഷത്തിൽ ഒരു വേള അയാളുമൊരു നായകനാണെന്നു തോന്നിപ്പിക്കുന്നത്രയും ഗംഭീരമായ പ്രകടനമാണ് ബാബു ആന്റണി കാഴ്ച വെയ്ക്കുന്നത്. പത്ത് മിനിറ്റു കൊണ്ട് ബാബു ആന്റണി കാഴ്ചവെച്ച മാസ് പെർഫോമൻസാണ് ‘കായംകുളം കൊച്ചുണ്ണി’യുടെ ഹൈലൈറ്റുകളിൽ ഒന്ന്.
ബാബു ആന്റണി എന്ന നടന്റെ ഉയരവും ശരീര പ്രകൃതിയുമെല്ലാം നല്ല രീതിയിൽ തന്നെ ചിത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സവിശേഷമായ ആ ലുക്കിനൊപ്പം തന്നെ ഇരുത്തം വന്ന അഭിനയവുമായി വിസ്മയിപ്പിക്കുകയാണ് ഈ നടൻ.
‘കായംകുളം കൊച്ചുണ്ണി’ കണ്ട് ബാബു ആന്റണിയെ ഫോണില്‍ വിളിക്കുമ്പോൾ അമേരിക്കയിലെ ഹ്യൂസ്റ്റണിലെ വീട്ടിൽ അഭിനന്ദനപ്രവാഹങ്ങൾക്കിടയിലായിരുന്നു താരം.
“നാട്ടിൽ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രം കണ്ടവർ ഓരോരുത്തരായി വിളിക്കുകയാണ്. ഇവിടെ ഇപ്പോൾ പുലർച്ചെ അഞ്ചു മണിയാവുന്നതേയുള്ളൂ. ഇന്നലെ രാത്രി ഉറങ്ങിയിട്ടേയില്ല, അത്രയും കോളുകളും മെസ്സേജുകളുമായിരുന്നു. ഏറെ സന്തോഷമുണ്ട്, ‘കായംകുളം കൊച്ചുണ്ണി’ ഹിറ്റാവുന്നു എന്നറിയുന്നതിൽ”, ബാബു ആന്റണി പറഞ്ഞു.
‘കായംകുളം കൊച്ചുണ്ണി’യുടെ വിശേഷങ്ങളെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് അദ്ദേഹം മനസ്സു തുറക്കുന്നു.
‘കായംകുളം കൊച്ചുണ്ണി’യിൽ തകർത്തുവാരിയല്ലോ. എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്?
കൊച്ചുണ്ണിലേക്കുള്ള ഓഫർ തീർത്തും ഔട്ട് ഓഫ് ദ ബ്ലൂ ആയിരുന്നു. ഈ സിനിമയെ കുറിച്ച് ഞാൻ കേട്ടിട്ടില്ലായിയിരുന്നു. എന്തൊക്കെ പ്രോജെക്ടുകൾ നടക്കാറുണ്ടെന്നു ഞാൻ അന്വേഷിക്കാറില്ല. ആരെയും വിളിക്കുകയോ ഫോളോ അപ് ചെയ്യുകയോ ചെയ്യാറില്ല. ആരെയും ഇൻഫ്ലുവെൻസ് ചെയ്യാറുമില്ല. അവർക്ക് തോന്നി കഥയ്ക്ക് നമ്മൾ അനുയോജ്യരാണെന്നു കണ്ടു വിളിക്കുമ്പോൾ, കഥാപാത്രം ഇഷ്ട്ടപെട്ടാൽ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ സിനിമയും അങ്ങനെ വന്നതാണ്.
‘കായംകുളം കൊച്ചുണ്ണി’യിലേക്ക് ആദ്യം പ്രൊഡക്ഷൻ ടീമിൽ നിന്നാണ് കോൾ വരുന്നത്. ഇതു പോലൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. പിന്നെ റോഷൻ വിളിച്ച് കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിശദീകരിച്ചു തന്നു. കേട്ടപ്പോൾ എനിക്കിഷ്ടമായി. റോഷൻ ആൻഡ്രൂസിന്റെ സംവിധാനം, ബോബി- സഞ്ജയ്മാരുടെ തിരക്കഥ, ഗോകുലം മൂവിസിന്റെ നിർമ്മാണം എല്ലാം കൊണ്ടും നല്ല ടീമായി തോന്നി. അങ്ങനെയാണ് ഓകെ പറയുന്നത്.
Read More: ഐതിഹ്യമാലയില്‍ നിന്നും അഭ്രപാളികളിലേക്ക്: ‘കായംകുളം കൊച്ചുണ്ണി’യുടെ എഴുത്ത് വഴികള്‍
ഒരു കളരി ഗുരുക്കളുടെ റോളാണല്ലോ ‘കായംകുളം കൊച്ചുണ്ണി’യിൽ. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് ആണെന്നറിയാം. കളരിയും പഠിച്ചിട്ടുണ്ടോ?
ഒരു നാലഞ്ചു വർഷത്തോളം കളരി പഠിച്ചിട്ടുണ്ട്. ഉറുമിയും പ്രാക്റ്റീസ് ചെയ്തിട്ടുണ്ട് മുൻപ്. പക്ഷേ 35 വർഷത്തിനു ശേഷമാണ് ഉറുമി കൈ കൊണ്ടു തൊടുന്നത്. കായികക്ഷമത മാത്രമല്ലല്ലോ, ഏറെ ഇമോൻഷൻസിനും പ്രാധാന്യമുള്ള ചിത്രമല്ലേ. ഇമോഷണൽ ഡ്രാമയൊക്കെയുള്ളതു കൊണ്ട് വേറിട്ടൊരു അനുഭവം തന്നെയായിരുന്നു ഈ കഥാപാത്രമെനിക്ക്. സിങ്ക് സൗണ്ട് ആയതുകൊണ്ട് തന്നെ ഓരോ സീനും അതുപോലെ ഫീൽ ചെയ്താണ് അഭിനയിച്ചത്.
കഥാപാത്രമാകാൻ എന്തൊക്കെ സജ്ജീകരണങ്ങളാണ് നടത്തിയത്?
ഞാനങ്ങനെ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി അഭിനയിക്കുന്ന ഒരു നടനല്ല. സ്പൊണ്ടേനിയസ് ആക്റ്റിംഗ് ആണ് എന്റെ രീതി. കഥാപാത്രത്തെ എന്റേതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കും. പിന്നെ സംവിധായകന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സ്വാഭാവികമായി അഭിനയിക്കുകയാണ് ചെയ്യാറുള്ളത്. ആക്റ്റർ എന്ന നിലയിൽ കഥാപാത്രത്തിന്റെ മനസ്സറിയുന്നതിനൊപ്പം തന്നെ മേക്കേഴ്സിന്റെ മനസ്സും കൂടി അറിഞ്ഞാൽ മാത്രമേ നമുക്ക് ഒരു കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ സാധിക്കൂ.
സിനിമ കണ്ട് ആളുകളുടെ പ്രതികരണം എങ്ങനെയുണ്ട്?
ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു വിളിക്കുന്നുണ്ട്. കഥാപാത്രം നന്നാവും എന്നറിയാമായിരുന്നു ഇതുപക്ഷേ കൈവിട്ടു പോയല്ലോ ചേട്ടാ എന്നാണ് കൊച്ചുണ്ണി ടീമിലെ ചില സുഹൃത്തുക്കൾ പറഞ്ഞത്. ഇത്രയും ഹിറ്റാവും എന്ന് ഞാനും കരുതിയിരുന്നില്ല. നാടും ഇവിടെയും തമ്മിൽ ടൈം സോണിൽ നല്ല വ്യത്യാസമുണ്ടല്ലോ. ഫസ്റ്റ് ഷോ കണ്ടൊക്കെ ആളുകൾ വിളിക്കുകയും മെസ്സേജ് അയക്കുകയുമൊക്കെ ചെയ്തതുകൊണ്ട് ഇന്നലെ രാത്രി ശരിക്ക് ഉറങ്ങാനേ പറ്റിയില്ല. ഒരുപാട് സന്തോഷമുണ്ട്.
സിനിമ കണ്ട് ഫാമിലി എന്തുപറഞ്ഞു?
ഭാര്യയും മക്കളുമൊപ്പം ശനിയാഴ്ച സിനിമ കാണാൻ പോവാൻ ഇരിക്കുകയാണ്. ഞങ്ങൾ എല്ലാവരും ഒന്നിച്ച് പോയി കാണുന്ന രണ്ടാമത്തെ സിനിമയാവും ‘കായംകുളം കൊച്ചുണ്ണി’. അവർക്കെല്ലാം ഇഷ്ടമാകുമെന്നാണ് വിശ്വാസം.
മലയാളം സിനിമ കണ്ടാൽ ഭാര്യയ്ക്ക് കഥയൊക്കെ മനസ്സിലാവുമോ?
എന്റെ ഒരു തമിഴ് സിനിമയാണ് ഞങ്ങളൊന്നിച്ചുപോയി ആദ്യം കണ്ടത്. ആ സിനിമ കണ്ടിട്ട് ഇങ്ങോട്ട് കഥ പറഞ്ഞു തന്നു ഈവ്ജനി എന്നെ അത്ഭുതപ്പെടുത്തി. ആ സിനിമയുടെ ക്ലൈമാക്സ് സംവിധായകൻ പറഞ്ഞു തന്നപ്പോൾ എനിക്കെന്തോ അത്ര മനസ്സിലായിരുന്നില്ല. ഈവ്ജനിയാണ് പറഞ്ഞത്, അതിന്റെ ക്ലൈമാക്സ് അങ്ങനെയല്ല, ഇതാണ് കഥ എന്നൊക്കെ.
ഏതൊക്കെയാണ് പുതിയ ചിത്രങ്ങൾ?
ജയം രവിയ്ക്കൊപ്പം ‘അടങ്കാ മാറ്’ എന്ന ഒരു തമിഴ് ചിത്രം ഇപ്പോൾ പൂർത്തിയാക്കിയതേയുള്ളൂ. ഒമർ ലുലുവിന്റെ ‘പവർ സ്റ്റാറി’ൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നുണ്ട്. അതൊരു മാസ്സ് ആക്ഷൻ പടമാണ്.