ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡുകളിൽ ഒന്നായ പത്മഭൂഷൻ പുരസ്കാരം സ്വന്തമാക്കിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ഹാരമണിയിച്ച് ആദരിക്കുകയാണ് നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ആന്റണി പെരുമ്പാവൂരും ചേർന്ന്. ‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാംദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിക്കിടെയായിരുന്നു ചിത്രത്തിന്റെ​​ അണിയറപ്രവർത്തകർ ലാലിനെ ആദരിച്ചത്.

കായംകുളത്തെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച കള്ളൻ കൊച്ചുണ്ണിയായി നിവിൻ പോളി അഭിനയിച്ച ‘കായംകുളം കൊച്ചുണ്ണി’ സമീപകാലത്തിറങ്ങിയ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2018 ഒക്ടോബർ 10 ന് റിലീസായ ചിത്രം നൂറുദിവസങ്ങൾ പിന്നീട്ട് ബോക്സ് ഓഫീസിൽ വൻവിജയം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ കൊച്ചിയിൽ ഒത്തുച്ചേരുകയായിരുന്നു. നിവിൻ പോളി, മോഹൻലാൽ, റോഷൻ ആൻഡ്രൂസ് എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാവായ ഗോകുലം ഗോപാലൻ, തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ്, പ്രിയ ആനന്ദ്, സംവിധായകൻ ജീത്തു ജോസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിലൊന്നായിരുന്നു ‘കായംകുളം’ കൊച്ചുണ്ണിയെന്ന ഐതിഹാസിക കള്ളൻ കഥാപാത്രം. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാവങ്ങളുടെ ‘ദൈവ’മായിരുന്ന കായംകുളം കൊച്ചുണ്ണിയാവാൻ ഏറെ തയ്യാറെടുപ്പുകൾ നിവിൻ നടത്തിയിരുന്നു. ചിത്രത്തിനായി ശരീരഭാരം കൂട്ടുകയും കുതിരസവാരി അഭ്യസിക്കുകയും വാൾപയറ്റ് പഠിക്കുകയും ചെയ്തു. ചിത്രത്തിൽ ‘ഇത്തിക്കരപക്കി’യായാണ് മോഹൻലാൽ എത്തിയത്. സമകാലികരായ ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയേക്കാം എന്നൊരു സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് തിരക്കഥാകൃത്തുകളായ ബോബിയും സഞ്ജയും തിരക്കഥ ഒരുക്കിയത്.

Read more: ഐതിഹ്യമാലയില്‍ നിന്നും അഭ്രപാളികളിലേക്ക്: ‘കായംകുളം കൊച്ചുണ്ണി’യുടെ എഴുത്ത് വഴികള്‍

മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു ‘കായംകുളം കൊച്ചുണ്ണി’. 351 ൽ പരം തിയേറ്ററുകളിൽ 1700 പ്രദർശനങ്ങളുമായാണ് ‘കായംകുളം കൊച്ചുണ്ണി’ എത്തിയത്. 45 കോടിയുടെ ബജറ്റിൽ, 161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷമായിരുന്നു കൊച്ചുണ്ണി വെള്ളിത്തിരയിൽ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook