കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവര്‍ത്തന രഹിതമാക്കിയ കാവ്യാ മാധവന്റെ ഫെയ്സ്ബുക്ക് പേജ് വീണ്ടും നിലവില്‍ വന്നു. വിവാഹശേഷം പൊതുവേ ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നില്ല കാവ്യ. കാവ്യാ-ദിലീപ് വിവാഹ ശേഷവും, നടി ആക്രമിക്കപ്പെട്ട ശേഷവും പേജില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 11ന് പേജ് പിന്‍വലിച്ചത്.

ഫെയ്‌സ്ബുക്കിലൂടെയും വെബ്‌സൈറ്റിലൂടെയും വരുന്ന അധിക്ഷേപത്തിനെതിരെ നടി കാവ്യാ മാധവന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് എറണാകുളം റെയ്ഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയിരുന്നത്.

അതേസമയം കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ കാവ്യ മാധവനും കേസിൽ കുടുങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook