മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂർണമായും സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് താരം. കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി കേള്‍ക്കുന്നതാണ്. അതിനു മറുപടി നല്‍കുകയാണ് കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ്. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം ‘താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി. 10 ജി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

Read Also: അന്ന് രാധിക പ്രവചിച്ചു, മലയാളത്തില്‍ ഇതു ചെയ്യുക ഏട്ടനായിരിക്കും: സുരേഷ് ഗോപി

അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നതെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍, ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാര്‍ക്കാണ് താനിടുക എന്നും നിര്‍മാതാവ് എന്ന നിലയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്ക് ഇടുമെന്നും ദിലീപ് പറയുന്നു. അഭിനയത്തില്‍ എല്ലാം പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ്. അതിനാലാണ് ഒരു മാര്‍ക്ക് നല്‍കിയതെന്നും പരിശ്രമങ്ങള്‍ തുടരുകയാണെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.

Read Also: ഇതാണ് ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മി; ചിത്രം പങ്കുവച്ച് താരം

ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ ഒരു നല്ല സിനിമയായിരിക്കുമെന്ന് ദിലീപ് പറയുന്നു. പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഇത്. മിമിക്രി ചെയ്തു നടക്കുന്ന കാലത്ത് തനിക്കു സിക്‌സ് പായ്‌ക്ക് ഉണ്ടായിരുന്നു എന്ന് ദിലീപ് തമാശ രൂപേണ പറഞ്ഞു. പിന്നീട് സിനിമയിലെത്തിയപ്പോഴാണ് സിക്‌സ് പായ്‌ക്ക് പോയത്. പണ്ട് ബ്രൂസ് ലിയെ പോലെയായിരുന്നു കാണാന്‍. എക്‌സറേ എടുക്കണമെങ്കില്‍ ഷര്‍ട്ടൊന്ന് ഊരിയാല്‍ മതിയെന്ന അവസ്ഥയായിരുന്നെന്നും ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

Read Also: എനിക്കുമൊരു കുടുംബമുണ്ട്, ഞാൻ ക്രൂരനല്ല: ദിലീപ്

‘സിഐഡി മൂസ’, ‘വാളയാര്‍ പരമശിവം’ എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയില്‍ താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.  വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ‘മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാവുന്നു’ എന്ന വാർത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്‌ടോബർ 19 നാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്.  “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ. മഹാലക്ഷ്‌മി എന്നാണ് കുഞ്ഞിന്റെ പേര്. മഹാലക്ഷ്‌മിക്ക് ഒരു വയസ് പൂർത്തിയായി. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി ഇപ്പോൾ എംബിബിഎസ് സെക്കൻഡ് ഇയർ വിദ്യാർഥിനിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook