ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. അതിനാൽ തന്നെ കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ.
തൻെറ ഗുരുനാഥൻ ആരംഭിക്കുന്ന സംരംഭത്തിനു ആശംസകളറിയിച്ച് കാവ്യ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ഡാൻസ് ബാൻഡായി തുടങ്ങുന്ന ‘ആനന്ദവൈഭവ’ത്തിനാണ് കാവ്യ ആശംസകൾ അറിയിക്കുന്നത്. കാവ്യയുടെ അധ്യാപകനും നർത്തകനുമായ ആർ എൽ വി ആനന്ദിൻെറ നേതൃത്വത്തിലാണ് ബാൻഡ് ആരംഭിക്കുന്നത്. നവംബർ 14 നു തൃശൂർ പെരിങ്ങോട്ടു ക്ഷേത്രത്തിൽ വച്ചായിരിക്കും ബാൻഡിൻെറ അരങ്ങേറ്റം.
സിനിമയുടെ ഭാഗമായി എറണാക്കുളത്തേയ്ക്കു താമസം മാറിയപ്പോൾ തന്നെ നൃത്തം തുടർന്നു പഠിപ്പിച്ചത് ആനന്ദ് മാഷാണെന്ന് കാവ്യ പറയുന്നു.ഗുരു മാത്രമല്ല തനിക്കു സഹോദര തുല്ല്യനുമാണ് മാഷെന്നു കാവ്യ കൂട്ടിച്ചേർത്തു. ഒരു കലാകാരൻെറ യാത്ര ഒരിക്കലും അവസാനിക്കുന്നില്ലെന്നും അവർ പുതിയ തീരങ്ങൾ കണ്ടെത്താനുളള യാത്രയിലാണെന്നു കാവ്യ പറയുന്നു. എന്തായാലും നാളുകൾക്കു ശേഷം കാവ്യയുടെ സംസാരം കേൾക്കാനായതിൻെറ സന്തോഷത്തിലാണ് ആരാധകർ. ‘കാവ്യ എവിടെയായിരുന്നു ഇത്രയും കാലം’ എന്നാണ് ഭൂരിഭാഗം ആരാധകരുടെയും ചോദ്യം.

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു കാവ്യ.’ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറി. ഏറ്റവും കൂടുതൽ ദിലീപിന്റെ നായികയായിട്ടാണ് കാവ്യ അഭിനയിച്ചത്. ‘തെങ്കാശിപ്പട്ടണം’, ‘ഡാർലിംഗ് ഡാർലിംഗ്’, ‘ദോസ്ത്’, ‘മീശമാധവൻ’, ‘സദാനന്ദന്റെ സമയം’, ‘റൺവേ’, ‘മിഴി രണ്ടിലും’, ‘കൊച്ചി രാജാവ്’, ‘ലയൺ’, ‘ചക്കര മുത്ത്’, ‘ഇൻസ്പെക്ടർ ഗരുഡ്’, ‘പാപ്പി അപ്പച്ചാ’, ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’, ‘പിന്നെയും’ തുടങ്ങി എന്നു തുടങ്ങി 21 ഓളം ചിത്രങ്ങളിലാണ് ദിലീപിനൊപ്പം കാവ്യ അഭിനയിച്ചത്. ‘പെരുമഴക്കാലം’, ‘ഗദ്ദാമ’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ കാവ്യ സ്വന്തമാക്കി.‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കാവ്യ അഭിനയിച്ചത്.

2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.