നടി കാവ്യ മാധവന്‍ ആറു വര്‍ഷം മുന്‍പ് ഒരു അവാര്‍ഡ്‌ വേദിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നത്. 2013ല്‍ സൈമ (SIIMA) പുരസ്കാരങ്ങളിലെ പ്രത്യേക പുരസ്‌കാരം (Special Appreciation Award) നടന്‍ മാധവനില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം കാവ്യ പറഞ്ഞ ഒരു രസകരമായ ഒരു സംഭവമാണ് ശ്രദ്ധ നേടുന്നത്. സിനിമാ ജീവിതത്തിനു കൂട്ടുനിന്നവരോടും സൈമ ഭാരവാഹികളോടും നന്ദി അറിയിച്ച ശേഷം കാവ്യ നടന്‍ മാധവനുമായി ഒരു പഴയ സംഭവം പങ്കുവച്ചു. ‘ഞാന്‍ മലയാളത്തില്‍ പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാച്ചാല്‍ പുള്ളിക്ക് അറിയണ ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ’ എന്ന മുഖവുരയോടെ തുടങ്ങിയ കാവ്യ, ഒടുവില്‍ തമിഴിലാണ് പറഞ്ഞു ഒപ്പിച്ചത്. സംഭവം ഇതാണ്.

“എന്‍റെ പേര് കാവ്യ മാധവന്‍. ഞാന്‍ അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാര്‍ ആണ്, ഇന്നും അതെ. ഞാന്‍ തമിഴ്നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ ധാരാളം ആളുകള്‍ വരുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്ത്… പിന്നീടാണ് മനസ്സിലായത്‌ എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന്‍ ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞിരുന്നുവെന്ന്. അപ്പോഴാണ്‌ പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്‍റെ ഭാര്യയെ കാണാനായിരുന്നുവെന്ന്.”

കാവ്യയുടെ വാക്കുകള്‍ക്ക് മാധവന്‍ രസകരമായ ഒരു മറുപടിയും നല്‍കി.

“നോ പ്രോബ്ലം. എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്… ‘അഡ്‌ജസ്റ്റ് ചെയ്യാം’ എന്ന്.” ഏഴു വര്‍ഷങ്ങളോളം പഴക്കമുള്ള ഈ സംഭവത്തിന്‍റെ വീഡിയോ സൈമയാണ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ അടുത്തിടെ പങ്കുവച്ചത്.

 

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ ചലച്ചിത്രത്തിലാണ് കാവ്യ മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അവര്‍. ദിലീപുമായുള്ള വിവാഹത്തില്‍ മഹാലക്ഷ്മി എന്നൊരു മകളുണ്ട്.

Read Here: അച്ഛന്റെ മടിയില്‍ കുഞ്ഞു സാന്റയായി മഹാലക്ഷ്മി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook