മലയാളത്തിന്റെ പ്രിയ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് വിട നൽകുകയാണ് കേരളക്കര. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നസെന്റിനെ അവസാനമായി ഒന്നു കാണാൻ ആയിരങ്ങളാണ് പള്ളിയുടെ പരിസരത്തും വീട്ടിലുമെല്ലാം തടിച്ചുകൂടിയത്.
പ്രിയപ്പെട്ട ഇന്നച്ചനെ അവസാനമായി കാണാൻ നടൻ ദിലീപും കാവ്യയും എത്തിച്ചേർന്നിരുന്നു. ഇന്നസെന്റിന് അരികെ പൊട്ടികരഞ്ഞുകൊണ്ട് നിൽക്കുന്ന കാവ്യയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുന്ന കാവ്യയെ ആശ്വസിപ്പിക്കുന്ന ദിലീപിനെയും വീഡിയോയിൽ കാണാം.
ദിലീപും കാവ്യയുമൊക്കെയായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ഇന്നസെന്റ്. “വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും,” എന്നാണ് ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ദിലീപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.