മലയാളികള്‍ ഏറെ ആവേശത്തോടെ ചര്‍ച്ച ചെയ്ത താര അഭ്യൂഹം ശുഭകരമായ പരിസമാപ്തിയിലെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യാ മാധവനും ഒരു വര്‍ഷം മുമ്പ് ഇന്നേ ദിവസം വിവാഹിതരായെന്ന വാര്‍ത്ത പ്രേക്ഷകരും സിനിമാ ലോകവും ഒരു ഞെട്ടലോടെയാണ് കേട്ടത്.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയാണ് തങ്ങള്‍ വിവാഹിതരാകുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു.

dileep, kavya madhavan, meenakshi

മലയാള സിനിമയിലെ ഭാഗ്യജോഡികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. വിവാഹത്തിനു മുമ്പു മുതലേ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇരുവരും അത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ മകള്‍ മീനാക്ഷിയുടെ പിന്തുണയോടെ തങ്ങള്‍ വിവാഹിതരാകുന്നുവെന്ന് പിന്നീട് ദിലീപ് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തി.

തന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം കാവ്യ മാധവന്‍ അല്ലെന്ന് ദിലീപ് വിവാഹത്തിന് ശേഷം പറഞ്ഞിരുന്നു. കാവ്യ- ദിലീപ് ബന്ധം ആരോപിച്ച് ഒരുപാട് ഗോസിപ്പുകള്‍ മുമ്പ് പ്രചരിച്ചിരുന്നു. എല്ലാവരുടേയും അനുഗ്രഹത്തോടെയാണ് വിവാഹം കഴിക്കുന്നത്. ഗോസിപ്പില്‍ കൂട്ടുകാരിയുടെ പേരുള്ളതിനാല്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന് തോന്നി- ഇതായിരുന്നു ദിലീപിന്റെ ഫെയ്സ്ബുക്ക് ലൈവിലെ വാക്കുകള്‍.

dileep kavya madhavan

dileep kavya madhavan

മഞ്ജുവാര്യരുമായുള്ള ദിലീപിന്റെ ആദ്യ വിവാഹം 1998ലായിരുന്നു. പിന്നീട് 2014ല്‍ ഇരുവരും സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കുകയും 2015 ജനുവരി 31ന് നിയമപരമായി വേര്‍പിരിയുകയും ചെയ്തു. 2009ല്‍ കാവ്യാ മാധവന്‍ പ്രവാസിയായ നിശാല്‍ ചന്ദ്രയെ വിവാഹം ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ കാവ്യ പിന്നീട് നിശാലുമായി നിയമപരമായി വേര്‍പിരിഞ്ഞു.

dileep

പിന്നെയും എന്ന ചിത്രത്തിൽ നിന്ന്

21 സിനിമകളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook