ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. അതിനാൽ തന്നെ കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ.
നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹത്തിനെത്തിയ കാവ്യയുടെയും ദിലീപിന്റെയും വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ദിലീപിന്റെ കൈപിടിച്ച് നടക്കുന്ന കാവ്യയെ വീഡിയോയിൽ കാണാം. ആരാധകർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്യുന്നുണ്ട് താരങ്ങൾ. നടൻ നാദിർഷയുടെ മകളുടെ വിവാഹത്തിനും ഇരുവരുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു.
ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു കാവ്യ.’ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറി.‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കാവ്യ അഭിനയിച്ചത്. അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ പുതിയ ചിത്രം. തമന്നയാണ് ചിത്രത്തിലെ നായിക.
2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.