മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ നാളെ തിയേറ്ററുകളിലെത്തുകയാണ്. വലിയ ആകാംക്ഷയോടെയാണ് ‘മാമാങ്ക’ത്തിനായി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്നത്. ‘മാമാങ്ക’ത്തില്‍ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചിരിക്കുന്നത് മുതിർന്ന അഭിനേത്രിയായ കവിയൂര്‍ പൊന്നമ്മയാണ്. ‘മാമാങ്ക’ത്തിലെ കവിയൂര്‍ പൊന്നമ്മയുടെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനു മുന്‍പും ഒരു ‘മാമാങ്ക’ത്തില്‍ അഭിനയിച്ച പരിചയമുള്ള താരമാണ് കവിയൂര്‍ പൊന്നമ്മ.

1979ല്‍ പ്രേംനസീര്‍, ജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ‘മാമാങ്കം’ എന്ന പേരിൽ തന്നെ ഒരു ചിത്രം റിലീസിനെത്തിയിരുന്നു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആ ചിത്രത്തിലും കവിയൂര്‍ പൊന്നമ്മ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ, മമ്മൂട്ടി നായകനായ ചിത്രത്തിലും കവിയൂര്‍ പൊന്നമ്മ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുകയാണ്. രണ്ടു മാമാങ്കത്തിലും അഭിനയിച്ച ഏക അഭിനേതാവ് എന്ന പ്രത്യേകതയും കവിയൂർ പൊന്നമ്മയ്ക്കുണ്ട്.

Read Also: ആഖ്യാനപാടവത്തിന്റെ ദൃഷ്ടാന്തം; ‘മാമാങ്കം’ നോവല്‍ ആസ്വാദനം

നാൽപ്പത് വർഷം മുൻപുള്ള സിനിമയായതിനാൽ ആരൊക്കെയാണ് അന്നത്തെ മാമാങ്കത്തിൽ തനിക്കൊപ്പം അഭിനയിച്ചതെന്ന് പോലും കവിയൂർ പൊന്നമ്മയ്‌ക്ക് ഓർമയില്ല. പ്രേം നസീറായിരുന്നു നായകൻ എന്ന് ഓർമയുള്ളതായി കവിയൂർ പൊന്നമ്മ ഇന്ത്യൻ എക്‌സ്‌പ്ര‌സ് മലയാളത്തോട് പറഞ്ഞു. അതേസമയം, പഴയ മാമാങ്കത്തിൽ ജയനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചല്ലോ എന്ന ചോദ്യത്തിന്, “ജയനുമുണ്ടായിരുന്നോ! അതൊന്നും ഇപ്പോ ഓർമയില്ല” എന്നായിരുന്നു കവിയൂർ പൊന്നമ്മ ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. “കുറേ വർഷങ്ങളായില്ലേ, എത്രയോ സിനിമ ചെയ്‌തു.. അതുകൊണ്ടാണ് ഇതൊന്നും ഓർമയില്ലാത്തത്,” കവിയൂർ പൊന്നമ്മ പറഞ്ഞു.

Read Also: ഒറ്റയിരിപ്പിന് കണ്ടു, വളരെ നല്ല സിനിമ: ‘മാമാങ്കം’ സംവിധായകന്‍

“നാൽപ്പത് വർഷം മുൻപ് മാമാങ്കത്തിൽ അഭിനയിച്ചു. ഇപ്പോ ദാ, വീണ്ടും ഒരു മാമാങ്കം. എനിക്കിത് അത്ഭുതമായിട്ടാ തോന്നുന്നത്. എത്ര വർഷമായല്ലേ? അഭിനയിക്കുക മാത്രമാണ് നമ്മുടെ ജോലി. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ നല്ല രസമാണ്. പുള്ളിയൊരു പാവമാണ്. എല്ലാവരും ജാഡയാണെന്നൊക്കെ പറയുമെങ്കിലും അദ്ദേഹം വളരെ പാവമാണ്,” മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള അനുഭവം അവർ പങ്കുവച്ചു.

1979 പുറത്തിറങ്ങിയ ‘മാമാങ്കം’ നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചനാണ് സംവിധാനം ചെയ്‌തത്. എൻ.ഗോവിന്ദൻകുട്ടിയുടേതായിരുന്നു തിരക്കഥ. നാൽപ്പത് വർഷങ്ങൾക്ക് ശേഷം അതേ പേരിൽ ഒരു സിനിമ ചെയ്യാൻ അനുവാദം നൽകിയ നവോദയ സ്റ്റുഡിയോയ്‌ക്ക് മമ്മൂട്ടി നേരത്തെ നന്ദി പറഞ്ഞിരുന്നു.

Read Also: ആരും നിനക്ക് പകരമാവില്ല; രഘുവരന്റെ ഓർമകളിൽ രോഹിണി

ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ ലോകം മാമാങ്കത്തിനായി കാത്തിരിക്കുന്നത്. വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

Read Also: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. 55 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook