നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ ഓർമയായിട്ട് ഇന്നേക്ക് നാലുവർഷം. നാടകകൃത്ത്, സംവിധായകൻ, കവി എന്നിങ്ങനെ നിരവധി നിലകളിൽ കഴിവു തെളിയിച്ച പ്രതിഭയായിരുന്നു കാവാലം. മനോഹരമായ നിരവധി ചലച്ചിത്രഗാനങ്ങളും കാവാലം മലയാളസിനിമയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. നാൽപ്പതിൽ ഏറെ സിനിമകൾക്ക് കാവാലം ഗാനങ്ങൾ എഴുതി. കാവാലത്തിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ചലച്ചിത്രഗാനങ്ങൾ നോക്കാം.
ഗോപികേ നിന്‍ വിരല്‍….
ഭരതന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ‘കാറ്റത്തെ കിളിക്കൂട്’ (1983) എന്ന ചിത്രത്തിലെ എസ് ജാനകി പാടിയ ‘ഗോപികേ നിന്‍ വിരല്‍’ എന്ന ഗാനം കാവാലത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനരചനകളിൽ ഒന്നായിരുന്നു. കാവാലം നാരായണപ്പണിക്കർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
പൂവാംകുഴലി പെണ്ണിനുണ്ടൊരു….
ഐ വി ശശി സംവിധാനം ചെയ്ത ‘വാടകയ്ക്കൊരു ഹ്യദയം’ എന്ന ചിത്രത്തിലെ ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പി. പത്മരാജൻ തന്നെ എഴുതിയ ‘വാടകയ്ക്കൊരു ഹൃദയം’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. ജി ദേവരാജന്റെ സംഗീതത്തിൽ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നിരത്തി ഓരോ കരുക്കള്‍
മലയാളത്തിലെ ആദ്യ 70 എംഎം ചിത്രമായ ‘പടയോട്ട’ത്തിലെ ‘നിരത്തി ഓരോ കരുക്കള്‍’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
മേലേ നന്ദനം പൂത്തേ…
ഭരതൻ സംവിധാനം ചെയ്ത് നിർമ്മിച്ച 1987 ൽ പുറത്തിറങ്ങിയ ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’ എന്ന ചിത്രത്തിലെ ‘മേലേ നന്ദനം പൂത്തേ’ എന്നു തുടങ്ങുന്ന വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകി എസ് ജാനകിയും കൃഷ്ണചന്ദ്രനും ചേർന്ന് ആലപിച്ചിരിക്കുന്നു.
പുലരിത്തൂമഞ്ഞുതുള്ളിയില്‍…
ഭരത് ഗോപി സംവിധാനം ചെയ്ത ‘ഉത്സവപിറ്റേന്ന്’ എന്ന ചിത്രത്തിലെ പുലരിത്തൂമഞ്ഞുതുള്ളിയില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് യേശുദാസ് ആണ്. ദേവരാജൻ മാസ്റ്ററാണ് സംഗീതമൊരുക്കിയത്.
നിറങ്ങളേ പാടൂ
‘അഹം’ എന്ന ചിത്രത്തിലെ നിറങ്ങളേ പാടൂ എന്ന ഗാനവും സംഗീതപ്രേമികളുടെ മനസ്സിലിടം നേടിയ ഒന്നാണ്. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസാണ് ഗാനം ആലപിച്ചത്.
കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍
‘കണ്ണെഴുതി പൊട്ടും തൊട്ട് ‘എന്ന ചിത്രത്തിൽ മോഹൻലാലും കെ എസ് ചിത്രയും ചേർന്നു പാടിയ ‘കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍ ‘ എന്നു തുടങ്ങുന്ന ഗാനവും കാവാലത്തിന്റെ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയതാണ്. എം ജി രാധാകൃഷ്ണനാണ് കാവാലത്തിന്റെ വരികൾക്ക് സംഗീതം നൽകിയത്.
അൻപിൻ തുമ്പും വാലും
‘നേര്‍ക്കു നേര്‍’ എന്ന ചിത്രത്തിലെ അൻപിൻ തുമ്പും വാലും എന്നു തുടങ്ങുന്ന വരികളാണ് കാവാലത്തിന്റെ മറ്റൊരു ഹിറ്റ് ഗാനം.
Read more: സുരേഷ് ഗോപിയുടെ ജന്മദിനം: അച്ഛന് ആശംസകളുമായി ഗോകുൽ