അടുത്ത കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രത്തിലെ ദാസപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്ന നടനും സൂപ്പര്‍ ഹിറ്റായി. ഇനി കട്ടപ്പനയിലെ ഋത്വിക് റോഷനും ദാസപ്പനും തമിഴിലേക്ക് പോകുകയാണ്. നാദിര്‍ഷ തമിഴില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്ന സിനിമയിലൂടെയാണ് ധര്‍മ്മജന്റെ അരങ്ങേറ്റം. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയുടെ തമിഴ് റീമേക്കാണിത്.

മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ധര്‍മജന്‍ തമിഴിലും അവതരിപ്പിക്കുക. നായകവേഷത്തില്‍ എത്തുന്നത് തമിഴിലെ പ്രശസ്ത അവതാരകനാണ്. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം തമിഴ് ഹാസ്യനടന്‍ വിവേക് അവതരിപ്പിക്കും. ധര്‍മ്മജന്‍ ഒഴികെ മറ്റുള്ള കഥാപാത്രങ്ങളെല്ലാം തമിഴില്‍ നിന്നുതന്നെയാണ്.

തമിഴ് സൂപ്പര്‍താരം അജിത്തിനെപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ പറയുന്നത്. ജനുവരിയില്‍ പൊള്ളാച്ചിയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

‘അമര്‍ അക്ബര്‍ ആന്റണി’ എന്ന ചിത്രത്തിനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായിരുന്നു കട്ടപ്പനയിലെ ഋത്വക് റോഷന്‍. വിഷ്ണു ഉണ്ണിക്കൃഷ്ണനായിരുന്നു ചിത്രത്തിലെ നായകന്‍. സിദ്ദീഖ്, സലിം കുമാര്‍, ലിജോ മോള്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ