ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും ഡിസംബറിൽ വിവാഹിതരാകാൻ പോവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസംബറിൽ നടക്കും എന്ന് പറയപ്പെടുന്ന താരനിബിഡമായ വിവാഹത്തിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത് രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര എന്ന ലക്ഷ്വറി റിസോർട്ടാണ് എന്നും റിപ്പോർട്ടുകളുണ്ട്.
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളുള്ള ഒരു റിസോർട്ടാണ്. 48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ ലക്ഷ്വറി റിസോർട്ടിൽ ഒരു രാത്രി താമസിക്കണമെങ്കിൽ 75,000 രൂപ മുതലാണ് റൂമുകളുടെ വാടക. ജയ്പൂരിൽ നിന്നും മൂന്നു മണിക്കൂർ നേരം ഡ്രൈവ് ചെയ്താൽ ഈ റിസോർട്ടിൽ എത്തിച്ചേരാം.
കത്രീന- വിക്കി വിവാഹത്തിനായി വസ്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനറായ സബ്യസാചിയെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ വിവാഹവാർത്ത വിക്കിയോ കത്രീനയോ ഇതുവരെ ശരിവച്ചിട്ടില്ല. ഇരുവരും പ്രണയത്തിലാണ്, ഉടനെ വിവാഹിതരാവും എന്ന രീതിയിൽ ഏറെനാളായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.
“വാർത്തകൾ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി എനിക്കുനേരെ ഉയരുന്ന ചോദ്യമാണ് വിവാഹം,” എന്നായിരുന്നു വിവാഹവാർത്തകളോട് മുൻപ് കത്രീന പ്രതികരിച്ചത്. “ഇത്തരം വാർത്തകൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണ്. സമയമാകുമ്പോൾ ഉടൻ ഞാൻ അതു നടത്തും,” എന്നായിരുന്നു വിക്കിയുടെ മറുപടി.
ഇതിനിടയിൽ, കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ച് കാണപ്പെട്ടതും മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. പാപ്പരാസികളോട് പുഞ്ചിരിച്ചുകൊണ്ട് ഇരുവരും വേവ്വേറെ കാറുകളിൽ കയറി യാത്ര ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുൻപും പലവേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു.

രോഹിത് ഷെട്ടിക്കും അക്ഷയ് കുമാറിനുമൊപ്പം പുതിയ ചിത്രമായ സൂര്യവൻഷിയുടെ പ്രമോഷൻ തിരക്കിലാണ് കത്രീന. സൽമാൻ ഖാനൊപ്പം ‘ടൈഗർ 3’ലും കത്രീന അഭിനയിക്കുന്നുണ്ട്.

‘സർദാർ ഉദ്ധം’ ആണ് വിക്കിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്തു കൊണ്ടിരിക്കുകയാണ്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ ലണ്ടനില്‍ വച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വിപ്ലവകാരിയായ സര്‍ദാര്‍ ഉദ്ധം സിങ്ങിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദ്ധം സിംഗിനെ അവതരിപ്പിക്കുന്നത് വിക്കി കൗശാലാണ്. 94 മത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകുവാന്‍ മത്സരിച്ച ചിത്രങ്ങളുടെ അവസാന ലിസ്റ്റിലും സര്‍ദാര്‍ ഉദ്ധം ഉണ്ടായിരുന്നു.
ശശാങ്ക് ഖൈതാന്റെ ‘മിസ്റ്റർ ലെലെ’, മേഘ്ന ഗുൽസാറിന്റെ ‘സാം ബഹദൂർ’ എന്നിവയാണ് വിക്കിയുടെ പുതിയ ചിത്രങ്ങൾ.