Katrina Kaif-Vicky Kaushal wedding LIVE UPDATES: ഏറെ നാളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കത്രീന കെയ്ഫ്- വിക്കി കൗശൽ പ്രണയം സാക്ഷാത്കാരത്തിലേക്ക്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന താരവിവാഹത്തിന് ഇന്ന് തുടക്കമായി. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് താരവിവാഹം നടക്കുക. വിക്കിയും കത്രീനയും ക്ഷണിക്കപ്പെട്ട അതിഥികളുമൊക്കെ ഇതിനകം തന്നെ വിവാഹവേദിയിലെത്തി കഴിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കലിന എയർപോർട്ടിൽ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനിലെ വിവാഹവേദിയിലേക്ക് തിരിച്ചത്.
ഡിസംബർ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളും ഉണ്ടായിരിക്കുമെന്നാണ് പിടിഎ റിപ്പോർട്ട്. തീർത്തും സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും വളരെ രഹസ്യമായാണ് ഇരുവരും മുന്നോട്ട് കൊണ്ടുപോയത്.