കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളുമെല്ലാം നിർത്തിവയ്ക്കുകയും മിക്കയിടങ്ങളും ലോക്ക് ഡൗണിലേക്ക് പോവുകയും ചെയ്തതോടെ ബോളിവുഡ് സെലബ്രിറ്റികളും വീടുകളിൽ സെൽഫ് ഐസലേഷനിൽ കഴിയുകയാണ്. വീട്ടിലിരിക്കുന്ന വിരസതയും മുഷിപ്പുമെല്ലാം ഒഴിവാക്കാനായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. ഇപ്പോഴിതാ, പാത്രം കഴുകൽ ട്യൂട്ടോറിയലുമായി എത്തുകയാണ് കത്രീന കൈഫ്.
വെള്ളം അധികം പാഴാക്കാതെ വൃത്തിയായി പാത്രം കഴുകുന്നതെങ്ങനെ? എന്നാണ് വീഡിയോയിൽ കത്രീന പറയുന്നത്. “വീട്ടിൽ സഹായത്തിന് വരുന്ന ആളുകളും സെൽഫ് ഐസലേഷനിലായതോടെ വീട്ടിലെ പ്ലേറ്റുകൾ കഴുകി വൃത്തിയാക്കുന്ന കാര്യം ഞാനും സഹോദരി ഇസബെല്ലയും മാറിമാറി ഏറ്റെടുത്തിരിക്കുകയാണ്,” എന്ന മുഖവുരയോടെയാണ് കത്രീന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി സെലബ്രിറ്റികളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. “താങ്കളെ എന്റെ വീട്ടിലേക്കും ക്ഷണിക്കുന്നു,” എന്നാണ് നടൻ അർജുൻ കപൂറിന്റെ കമന്റ്.