വെള്ളിത്തിരയിലെ ഭാവപ്പകർച്ചകളിലൂടെ ആരാധക ലക്ഷങ്ങളെ സമ്പാദിച്ച ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് കത്രീന കെയ്ഫ്. റൊമാൻസ് രംഗങ്ങളിൽ താരത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസ നേടിയിരുന്നു. എന്നാൽ താൻ പ്രണയരംഗങ്ങൾ അഭിനയിച്ച നടന്മാർക്ക് മാർക്കിട്ടിരിക്കുകയാണ് കത്രീനയിപ്പോൾ.

സൽമാൻ ഖാൻ നായകനായ ടൈഗർ സിന്താ ഹെ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരവും ബോളിവുഡ് സിനിമാ ലോകവും. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കത്രീനയും സൽമാൻ ഖാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ഇതോടൊപ്പം തന്നെ ആമിർ ഖാനൊപ്പമുള്ള “തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ” അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇരു താരങ്ങൾക്കുമൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആവേശത്തോടെയാണ് കത്രീന മറുപടി പറഞ്ഞത്. ടൈഗർ സിന്താ ഹേ യിലെ അഭിനയ രസതന്ത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്, “അലി (അബ്ബാസ് സഫർ, സംവിധായകൻ) നന്നായി ഒരുക്കിയ ചിത്രമാണ് ടൈഗർ സിന്താ ഹേ. അലിക്കും സൽമാനും ഒപ്പമുള്ള ഓരോ ദിവസവും തമാശ നിറഞ്ഞതായിരുന്നു. ഗംഭീരമായിരുന്നു ആ ദിവസങ്ങളെല്ലാം”, കത്രീന പറഞ്ഞു.

2005 ൽ മേനെ പ്യാർ ക്യുൻ കിയ എന്ന ചിത്രത്തിലാണ് സൽമാനും കത്രീനയും ഒന്നിച്ചഭിനയിച്ചത്. ഇതിന് ശേഷം ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം 2009 ൽ അവസാനിച്ചു. “ഞങ്ങൾ തമ്മിലിപ്പോഴും ശക്തമായ പരസ്പര ബഹുമാനം ഉണ്ട്. അതുകൊണ്ട് തന്നെ ഒന്നിച്ചുള്ള രംഗങ്ങൾ വളരെയേറെ സത്യസന്ധമായും ആത്മാർത്ഥമായും അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട്. അത് വളരെ നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത്”, കത്രീന പറഞ്ഞു.

“എല്ലാവരെയും പോലെ പ്രണയം ഞാനും ആസ്വദിക്കുന്നുണ്ട്. ആമിർ ഖാനൊപ്പമുള്ള പ്രണയരംഗങ്ങൾ സൽമാൻ ഖാനൊപ്പമുള്ളത് പോലെ മികച്ചതാണ്”, കത്രീന പറഞ്ഞു. സീ സിനി അവാർഡ് നിശയിലാണ് താരത്തിന്റെ ഈ വിഷയത്തിലെ പ്രതികരണം. ഷാരൂഖ് ഖാനൊപ്പം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിനെ കുറിച്ചും കത്രീന സംസാരിച്ചു. ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന സിനിമയിൽ അനുഷ്ക ശർമ്മയും അഭിനയിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ