സൽമാൻ ഖാൻ നയിക്കുന്ന ദബാങ് ടൂറിൽ മുൻകാമുകി കത്രീന കെയ്ഫും പങ്കാളിയാണ്. വാൻകോവറിൽ നടന്ന പരിപാടിക്കുശേഷം മടങ്ങിപ്പോകവേ കത്രീന കെയ്ഫിനെ സൽമാൻ ഖാൻ ആരാധിക കളിയാക്കുകയും കൂകി വിളിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്‌തു. തന്നെ കളിയാക്കിയ സല്ലു ആരാധികയ്ക്ക് നല്ല ചുട്ട മറുപടി നൽകിയാണ് കത്രീന മടങ്ങിയത്.

ഷോ കഴിഞ്ഞ് കാറിനു സമീപത്തേക്ക് കത്രീന പോകുമ്പോഴായിരുന്നു സംഭവം. കത്രീനയുടെ കൂടെ സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു. കത്രീന പോകുന്ന വഴിയിൽ ഒരു കൂട്ടം പേർ തടിച്ചു കൂടിയിരുന്നു. ഇതിനിടയിൽ നിന്നും ഒരു സ്ത്രീ നിങ്ങളോടൊപ്പം ഞങ്ങൾക്ക് ഫോട്ടോ എടുക്കേണ്ട എന്നു ഉച്ചത്തിൽ കൂകി വിളിച്ചു. ഇതുകേട്ട കത്രീന ആ സ്ത്രീയുടെ അടുത്തേക്കെത്തി. ”നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങൾക്കറിയാമോ ഞാൻ വളരെ ക്ഷീണിതയാണ്. വളരെ നീണ്ടൊരു ഷോ കഴിഞ്ഞാണ് ഞാൻ വരുന്നത്. നിങ്ങൾ കുറച്ചു കൂടി നന്നായിട്ട് പെരുമാറണം. ജനങ്ങൾ നിങ്ങളെ അംഗീകരിക്കുമ്പോഴാണ് നിങ്ങൾക്ക് സ്വയം അഭിനേത്രി എന്നു വിളിക്കാൻ കഴിയുക. നിങ്ങളുടെ മനോഭാവം കുറച്ചു കൂടി മെച്ചപ്പെടുത്തൂ”, കത്രീന പറഞ്ഞു.

യുവതിക്ക് തക്ക മറുപടി കൊടുത്ത കത്രീന അവിടെയുണ്ടായിരുന്ന ആരാധകർക്കൊപ്പം സെൽഫി പകർത്തിയതിനുശേഷമാണ് മടങ്ങിയത്. ഇതിനിടയിൽ ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് സൽമാൻ കാനു വേണ്ടിയാണെന്ന് യുവതി ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു. സൽമാൻ ഖാൻ ആരാധിക മോശമായി പെരുമാറിയിട്ടും നിയന്ത്രണം നഷ്ടപ്പെടാതെ മാന്യമായ രീതിയിൽ കത്രീന പെരുമാറിയത് താരത്തിന്രെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദബാങ് ടൂറിൽ കത്രീനയ്ക്കു പുറമേ സൊനാക്ഷി സിൻഹ, ജാക്വിലിൻ ഫെർണാണ്ടസ്, പ്രഭുദേവ എന്നിവരുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook