കത്രീന കെയ്ഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹത്തിനായി കത്രീനയുടെ കുടുംബാംഗങ്ങൾ രാജസ്ഥാനിലേക്ക് പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിവാഹ അഭ്യൂഹങ്ങളോട് കത്രീനയും വിക്കിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്നലെ കത്രീന കുടുംബാംഗങ്ങൾക്കൊപ്പം വിക്കിയുടെ വീട്ടിൽ എത്തിയിരുന്നു. സാരിയായിരുന്നു കത്രീനയുടെ വേഷം. വിവാഹത്തിനു മുൻപായുള്ള ചില ചടങ്ങുകളിൽ പങ്കെടുക്കാനാണ് കത്രീന എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്നു ഇരുവരുടെയും കുടുംബം ജയ്പൂരിലേക്ക് പോകുമെന്നും അവിടെനിന്നും ഹെലികോപ്റ്ററിലായിരിക്കും കത്രീനയും വിക്കിയും വിവാഹ വേദിയിലേക്ക് എത്തുകയെന്നും റിപ്പോർട്ടുണ്ട്.
കത്രീന-വിക്കി വിവാഹം ഡിസംബർ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാര ആഡംബര റിസോർട്ടിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളുള്ള ഒരു റിസോർട്ടാണ്. 48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ ലക്ഷ്വറി റിസോർട്ടിൽ ഒരു രാത്രി താമസിക്കണമെങ്കിൽ 75,000 രൂപ മുതലാണ് റൂമുകളുടെ വാടക. ജയ്പൂരിൽ നിന്നും മൂന്നു മണിക്കൂർ നേരം ഡ്രൈവ് ചെയ്താൽ ഈ റിസോർട്ടിൽ എത്തിച്ചേരാം.
നാളെയാണ് കത്രീന-വിക്കി വിവാഹ ആഘോഷങ്ങൾ തുടങ്ങുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മറ്റൊരു ദിവസം പാർട്ടി നടത്തും. കത്രീന- വിക്കി വിവാഹത്തിനായി വസ്ത്രങ്ങൾ ഒരുക്കുന്നത് ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനറായ സബ്യസാചിയെന്നും റിപ്പോർട്ടുകളുണ്ട്.
Read More: കത്രീന-വിക്കി വിവാഹം രാജസ്ഥാനിലെ റിസോർട്ടിൽ? മറ്റൊരു താരവിവാഹം കാത്ത് ബോളിവുഡ്