കത്തുവയിൽ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യത്യസ്ത പ്രതികരണവുമായി പൃഥ്വിരാജ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം. ഇന്ത്യക്കാരൻ ആയതിൽ ലജ്ജിക്കുന്നുവെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.

”കശ്മീരിൽ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജുവേട്ടനിൽനിന്നും ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ടൈംലൈനിൽ ഈ മെസേജാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. എന്താണ് ഞാൻ പോസ്റ്റ് ചെയ്യേണ്ടത്? എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനുശേഷം അവളെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തത് തെറ്റാണെന്നോ? അതല്ല ഇത് സംഭവിക്കാൻ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരരുതെന്നാണോ? അതല്ല ഈ സംഭവം വർഗീയവൽക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരിൽ നിറംപൂശുന്നത് തെറ്റാണെന്നോ? അതല്ല ഇതൊരു രാഷ്ട്രീയ മുതലെടുപ്പ് ആക്കി തിരഞ്ഞെടുപ്പ് വോട്ടാക്കി മാറ്റുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണോ?സത്യമായിട്ടും? നമ്മൾ ദുഃഖിക്കേണ്ട ആവശ്യമുണ്ടോ? എനിക്ക് ഒന്നും പറയാനില്ല.. ഒന്നും…”

”ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാ ദിവസവും ഞാൻ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ഭയപ്പെടുന്നു. ഒരു ഭർത്താവെന്ന നിലയിൽ അവളുടെ അമ്മയെയും എനിക്ക് മനസിലാക്കാൻ സാധിക്കും. ഇതിനെല്ലാം ഉപരി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരത്തിലുളള നാണക്കേടുകളെ ഉൾക്കൊളളാൻ നമ്മൾ പരിചിതരായിക്കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ തോന്നുന്നു.. ഇന്ത്യ”.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്തുവ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെണ്‍കുട്ടിയെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് ഒരാഴ്ചയോളം എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook