ചെന്നൈ: ബോളിവുഡിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും സിനിമാ ലോകം പൂര്‍ണ്ണമായും മുക്തമായിട്ടില്ല. തെന്നിന്ത്യന്‍ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പ്രിയ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുംബൈയിലെത്തിയത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം ശ്രീദേവിയുടെ മരണം ഇപ്പോഴും ചര്‍ച്ചയാണ്.

ഇതിനിടെ ശ്രീദേവിയുടെ മരണവും ചാനല്‍ ചര്‍ച്ചകളേയും പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ കസ്തൂരി. എല്ലാ ചാനലുകളിലും ശ്രീദേവിയുടെ പാട്ടുകളും ക്ലിപ്പുകളുമാണുള്ളതെന്നും ഇങ്ങനെയാണെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്നായിരുന്നു കസ്തൂരിയുടെ പരിഹാസം.

കസ്തൂരിയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവി മരിച്ചു കിടക്കുമ്പോള്‍ എങ്ങനെ ഇത്തരത്തില്‍ തമാശ പറയാന്‍ സാധിക്കുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ചോദിക്കുന്നത്. എന്നാല്‍ താന്‍ സറ്റയര്‍ മാത്രമാണ് ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നായിരുന്നു കമന്റുകളോടുള്ള കസ്തൂരിയുടെ പ്രതികരണം.

താരം നല്‍കിയ വിശദീകരണത്തേയും വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹ്യൂമര്‍ സ്‌കില്ല്‌സ് പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലിതെന്നും അല്‍പ്പമെങ്കിലും അനുകമ്പ വേണമെന്നുമായിരുന്നു താരത്തിന്റെ വിശദീകരണത്തോടുള്ള സോഷ്യല്‍ മീഡിയയിയുടെ പ്രതികരണം. എന്നാല്‍ ട്വീറ്റ് തന്റേതല്ലെന്നും തനിക്ക് ലഭിച്ച ഒരു തമാശ കോപ്പി പേസ്റ്റ് ചെയ്ത് ട്വീറ്റ് ചെയ്യുക മാത്രമാണെന്നും കോപ്പി പേസ്റ്റ് സ്‌കില്ലുമാത്രമമാണ് താന്‍ കാണിച്ചതെന്നുമാണ് കസ്തൂരി നല്‍കിയ മറുപടി. അതേസമയം, താരത്തെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ശ്രീദേവിയുടെ മൃതദേഹം പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു ശേഷം വിലാപ യാത്രയായാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. സിനിമാ താരങ്ങളും ആരാധകരും വിലാപയാത്രയെ അനുഗമിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook