ദുൽഖർ സൽമാന്റെ വികാരനിർഭരമായ അഭ്യർഥനയ്ക്കു പിന്നാലെ സോളോ സിനിമയ്ക്ക് പിന്തുണയുമായി നടി കസ്തൂരി. ദുൽഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കുന്നതുവരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ല. എന്നാൽ വീട്ടിൽ എത്തിയാൽ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കുമെന്നു കസ്തൂരി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഈ അടുത്ത് പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുളളവർ അധികം സഞ്ചരിക്കാത്ത വഴികൾ തിരഞ്ഞെടുക്കാൻ കാണിക്കുന്ന ദുൽഖറിന്റെ സന്നദ്ധതയെ ഞാൻ ബഹുമാനിക്കുന്നു. നമ്മുടെ സർഗാത്മകമായ കാഴ്ചപ്പാടുകൾ മറ്റൊരാൾക്ക് വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്നത് സങ്കടകരമായ കാര്യമാണ്. വ്യത്യസ്തമായ കഥ വിപണിയിൽ വിൽക്കുന്നത് ദുഷ്കരമാണ്. പക്ഷേ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ബാധിക്കില്ല. നിങ്ങളുടെ സിനിമ ജനങ്ങൾ ഇഷ്ടപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അതിനെക്കാളും പ്രധാനം നിങ്ങൾ സ്വയം നിങ്ങളെ ഇഷ്ടപ്പെടുക എന്നത്. സ്വന്തം വഴിയിൽ മുന്നോട്ടു പോകൂ. പ്രേക്ഷകർ ഉറപ്പായും നിങ്ങളെ പിന്തുടരുമെന്നും കസ്തൂരി കുറിച്ചു.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത മലയാളം- തമിഴ് ചിത്രം സോളോയെ സോഷ്യല്‍മീഡിയയില്‍ തരംതാഴ്ത്തി കാണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്നലെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ‘സോളോയെ കൊല്ലരുത്, നിങ്ങളോട് ഞാന്‍ യാചിക്കുകയാണ്’, എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് തുടങ്ങിയത്. സോളോ കണ്ടതിന് ശേഷമാണ് ഇത് പറയുന്നതെന്നും താന്‍ ചിന്തിച്ചതിനേക്കാള്‍ ചിത്രം മികവ് പുലര്‍ത്തിയെന്നും സോളോ താരം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ