/indian-express-malayalam/media/media_files/uploads/2023/10/Kasargold-OTT.jpg)
Kasargold OTT: Where to Watch
Kasargold OTT: ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത 'കാസർഗോൾഡ്' ഒടിടിയിൽ എത്തി. വടക്കൻ ജില്ലകളെ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
വീട്ടിലെ പ്രാരാബ്ധമാണ് നാൻസിയെ (മാളവിക ശ്രീനാഥ്) സ്വർണക്കടത്തിൽ എത്തിക്കുന്നത്. നിരവധി തവണ വിജയകരമായി ഗൾഫിൽ നിന്നും സ്വർണം കേരളത്തിലേക്ക് കടത്തിയിട്ടുള്ള കാരിയറാണ് നാൻസി. പതിവുപോലെ, കാമുകൻ ആൽബിയ്ക്ക് (ആസിഫ് അലി) ഒപ്പം ചേർന്ന് ജീവൻ പണയം വച്ചുകൊണ്ട് നാൻസി സ്വർണം കടത്തുന്നു. എന്നാൽ അതിനിടയിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നു. ആൽബിയും നാൻസിയും ചേർന്ന് സഞ്ചരിച്ച വാഹനം ഒരപകടത്തിൽ പെടുന്നു. ആ ബഹളത്തിനിടയിൽ കള്ളക്കടത്ത് സ്വർണം കാണാതാവുകയാണ്. നാൻസിയും ആൽബിയും ഹാജിയുടെ ടീമുമൊക്കെ കാണാതായ സ്വർണം അന്വേഷിച്ച് നാടു മുഴുവൻ അലയുന്നു. ശ്വാസമെടുക്കാൻ സമയം പോലും കിട്ടാത്ത ഓട്ടമാണ് അവിടുന്നങ്ങോട്ട്.
ആ സ്വര്‍ണത്തിന് പിന്നീടെന്ത് സംഭവിക്കുന്നു എന്നാണ് ചിത്രം പറയുന്നത്. 'ചതിയിൽ വഞ്ചന പാടില്ല' എന്നു വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയുണ്ടായാൽ അതിനു ലഭിക്കുന്ന തിരിച്ചടികളും അതികഠിനമായിരിക്കും. എളുപ്പത്തിൽ പണക്കാരാനാവാം, പ്രശ്നങ്ങൾക്കൊക്കെ ഒരു അറുതി വരുത്താം എന്നൊക്കെയോർത്ത് ഏറ്റവും റിസ്ക്കുള്ള ജോലിയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട ആൽബിയുടെയും നാൻസിയുടെയും കൂട്ടുകാരൻ ഫൈസലിന്റെയുമെല്ലാം (സണ്ണി വെയ്ൻ) ജീവിതം അതോടെ കടന്നുപോവുന്നത് അശാന്തമായ വഴികളിലൂടെയാണ്.
സിദ്ദിഖ്, മാളവിക ശ്രീനാഥ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ, ശ്രീരഞ്ജിനി നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മൃദുൽ നായരുടെ കഥയ്ക്ക് സജിമോൻ പ്രഭാകർ തിരക്കഥയും സംഭാഷണവുമൊരുക്കി.
മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജെബിൽ ജേക്കബ് ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
സെപ്റ്റംബർ 15ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us