മമ്മൂട്ടിയേയും മമ്മൂട്ടി ചിത്രം കസബയേയും വിമർശിച്ച നടി പാർവ്വതിക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവായ വ്യാസന്‍ കെ.പി രംഗത്തെത്തി. നടി ഫെമിനിസ്റ്റാണെങ്കിലും നടിയോ അവരുടെ സംഘടനയോ പറയുന്നതുപോലെ സിനിമയെടുക്കല്‍ നടക്കില്ലെന്നും വ്യാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് ഏത് തരം ചിത്രമെടുക്കണമെന്ന് തീരുമാനിക്കുന്നത്. സെക്‌സി ദുര്‍ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. ഇതാണ് സ്ത്രീപക്ഷം എന്നുപറഞ്ഞ് നടക്കുന്ന ഫാസിസം. സ്ത്രീക്ക് എന്തുമാകാം എന്നാണോ എന്നും വ്യാസൻ ചോദിക്കുന്നു.

നിർഭാഗ്യവശാൽ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്ന് പറഞ്ഞാണ് പാർവ്വതി കസബയെ വിമർശിച്ചിരുന്നത്. ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് പാർവ്വതി പറഞ്ഞു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നതെന്നും പാർവ്വതി തുറന്നടിച്ചിരുന്നു. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവ്വതി പറഞ്ഞു.

വ്യാസൻ കെ.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പാർവ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ,അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു,കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌, അല്ലാതെ പാർവ്വതിയോ, പാർവ്വതിയുടെ സംഘടനയോ അല്ല, സെക്സി ദുർഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും, നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌, ഇതാണു ഫാസിസം, സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും, അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയിൽ നടന്ന ഈ പരാമർശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook