ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘കാര്‍വാ’യുടെ പ്രിവ്യു ഷോ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളുമായി സിനിമാ പ്രവര്‍ത്തകര്‍. പ്രിവ്യു ഷോ കണ്ട ബോളിവുഡുമായി ബന്ധപ്പെട്ട പ്രമുഖരാണ് കാര്‍വായെയും ദുല്‍ഖറിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ നിറയെ ‘കാര്‍വാ’ തരംഗമാണിപ്പോള്‍.

വിക്കി കൗശല്‍, നിഖില്‍ തനേജ, ആനന്ദ് തിവാരി, ഹൃഷികേശ് കണ്ണന്‍, തന്‍വി ഗാന്ധി, മന്ത്ര, അവനി ദേശ്പാണ്ഡെ, റിതേഷ് ഭത്ര തുടങ്ങി നിരവധി പേര്‍ കാര്‍വായെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ കുറിച്ചു. ഓഗസ്റ്റ് മൂന്നിനാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ജിസിസി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇന്നാണ് ചിത്രത്തിന്റെ റിലീസ്.

ചിത്രത്തില്‍ ദുല്‍ഖറിനെ കൂടാതെ ഇര്‍ഫാന്‍ ഖാന്‍, മിഥില പാര്‍ക്കര്‍ എന്നിവരുമുണ്ട്. ഒരു റോഡ് യാത്രയ്ക്കിടെ പരിചയപ്പെടുന്ന മൂന്നു വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ‘കാര്‍വാ’ നിര്‍മ്മിച്ചിരിക്കുന്നത് റോണി സ്‌ക്രൂവാലാണ്.

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇര്‍ഫാന്‍ ഖാനുവേണ്ടി ‘കാര്‍വാ’യുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന തന്റെ അടുത്ത ചിത്രം കാണണം എന്ന് ഇര്‍ഫാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ഹെന്റി വുഡ് ഹൗസിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഇര്‍ഫാന്‍ഖാനോടൊപ്പം ഭാര്യ സുതപ സിക്തറും പ്രദര്‍ശനത്തിനെത്തിയിരുന്നു. സ്‌ക്രീനില്‍ തന്നെ കാണുമ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ വളരെയധികം സന്തോഷവാനായി അനുഭവപ്പെട്ടുവെന്ന് കാര്‍വായുടെ സംഭാഷണ രചയിതാവ് ഹുസൈന്‍ ദലാല്‍ പറഞ്ഞു. ഏതാനും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം പ്രദര്‍ശനം കാണാന്‍ ഉണ്ടായിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ചെറിയ ചില നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചുവെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടുവെന്നും ഹുസൈന്‍ ദലാല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook