‘കറുത്തപക്ഷികൾ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം നിറഞ്ഞ് നിന്ന ആ ചെറിയ കുട്ടിയെ പെട്ടെന്ന് മറക്കാൻ ഒരു സിനിമാസ്വാദകനുമാവില്ല. മാളവിക നായർ എന്ന കൊച്ചുമിടുക്കി ആ ചിത്രത്തിൽ തകർത്തഭിനയിച്ചു എന്ന് വേണം പറയാൻ. ചിത്രത്തിലെ മല്ലിയും അപ്പയും ഒരു സമയത്ത് മലയാളികളെ ഏറെ കണ്ണീരണിയിച്ച കഥാപാത്രങ്ങളാണ്. വർഷങ്ങൾ കഴിഞ്ഞ് മാളവിക അനവധി ചിത്രങ്ങളിൽ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മാളവിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
അഭിനയത്തിൽ മാത്രമല്ല പഠനത്തിലും താൻ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മാളവിക. എറണാക്കുളം സെൻറ് തെരേസാസ് കോളേജിൽ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷൻ ജേണലിസം വിഷയത്തിൽ ടോപ്പറയാിരിക്കുകയാണ് താരം.
“എത്ര മനോഹമായിരുന്നു ഈ യാത്ര എന്ന് ഓർമ്മിപ്പിക്കുന്ന രീതിയിലുളള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയിരിക്കുന്നത്. എന്റെ സ്വപ്നങ്ങളെ കൈപിടിയിലാക്കാൻ സഹായിച്ച സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവർക്കും ഒരുപാട് നന്ദി.എന്നെ പ്രേത്സാഹിപ്പിച്ചതിനു അച്ഛനും അമ്മയ്ക്കും എട്ടനും നന്ദി” മാളവിക കുറിച്ചു. സുഹൃത്തുകൾക്കും അമ്മയ്ക്കുമൊപ്പമുളള ചിത്രവും മാളവിക പങ്കുവച്ചിട്ടുണ്ട്.
‘യെസ് യുവർ ഓണർ’, ‘ഓർക്കുക വല്ലപ്പോഴും’, ‘ശിക്കാർ’, ‘പെൺപട്ടണം’, ‘കാണ്ഡഹാർ’ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയതിനു പുറമെ മുതിർന്നതിന് ശേഷം ‘ജോർജേട്ടൻസ് പൂരം’, ‘ഭ്രമം’, ‘സിബിഐ 5’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തു. സിനിമയിൽ മാത്രമല്ല മിനിസ്രീനിലും മാളവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നർത്തകി കൂടിയായ മാളവിത ഡാൻസ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. ‘കറുത്ത പക്ഷികൾ’, ‘ഊമക്കുയിൽ പാടുമ്പോൾ’ എന്നിവയിലെ അഭിനയത്തിന് അംഗീകാരങ്ങൾ നേടിയ മാളവിക രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.