വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കുടിയേറി പാർത്ത ഒരു വിഭാഗം ജൂതരുടെ കഥ പറയുന്ന ചിത്രമാണ് കറുത്ത ജൂതൻ. സലിം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആരോൺ ഇല്യാഹുവായി എത്തുന്നതും സലിം കുമാറാണ്. ചരിത്രം അടയാളപ്പെടുത്താതെ പോയ മലബാറിലെ ഒരു വിഭാഗം കറുത്ത ജൂതരുടെയും അവർ ഇസ്രയേലിലേക്ക് മടങ്ങിയ ശേഷം തനിച്ചാകുന്ന ആരോൺ ഇല്യാഹു എന്ന ജൂതന്റെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.

ജൂത കല്ലറകളിലൂടെ ജൂതരുടെ ചരിത്രം തേടിയിറങ്ങിയ ആരോൺ ഇല്യാഹുവിന് ആ യാത്ര തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് അറിയില്ലായിരുന്നു. മാളയിലും പറവൂരിലും മറ്റമുമായി കഴിഞ്ഞിരുന്ന ജൂതർക്ക് ആയിടയ്‌ക്കാണ് തിരികെ ഇസ്രയേലിലേക്ക് മടങ്ങാനുളള​ അവസരം ലഭിച്ചത്. വാഗ്‌ദത്ത ഭൂമി തേടി തിരികെ പോയ ജൂതരുടെ കൂടെ ആരോണിന്റെ കുടുംബത്തിനും പോകേണ്ടി വരുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ആരോണിന് സ്വന്തം നാട് നഷ്‌ടങ്ങളുടെയും ഒറ്റപ്പെടലിന്റെയും ഭൂമി മാത്രമായി മാറുന്നു. കൈയ്യിൽ നിധി പോലെ കാത്തു സൂക്ഷിച്ച ചരിത്ര ശേഖരം മാത്രമായിരുന്നു ആരോണിന് കൂട്ടായുണ്ടായിരുന്നത്. സ്വന്തം പേരും വ്യക്തിത്വവും തെളിയിക്കേണ്ടി വരുന്ന ആരോണിനെ പക്ഷേ തിരിച്ചറിയുന്നത് അയാൾ ഭയപ്പെട്ടിരുന്ന ഒരു കൂട്ടം കാക്കകൾ മാത്രമായിരുന്നു.

പയ്യന്നൂരും പറവൂരിലും ആലപ്പുഴയിലുമായാണ് ചിത്രീകരണം നടത്തിയത്. രണ്ടു വർഷത്തോളം ഗവേഷണം നടത്തിയ ശേഷമാണ് ചിത്രം എഴുതിയതെന്ന് സലിം കുമാർ ഐഇ മലയാളത്തോട് പറഞ്ഞു. ജൂതരുടെ ചരിത്രവും ആചാരങ്ങളും ജീവിതവും വരച്ചു കാണിക്കുന്ന ചിത്രത്തിൽ കാണിക്കുന്ന മാള പോസ്‌റ്റ് ഓഫീസ് യഥാർഥത്തിൽ ഒരു ജൂതന്റെ വീടായിരുന്നുവെന്നും അതിൽ നിന്നാണ് തന്റെ കഥ വികസിപ്പിച്ചതെന്നും സലിം കുമാർ പറഞ്ഞു. മലയാളിക്ക് പരിചിതമല്ലാത്ത ഒരു കഥയും കഥാപശ്ചാത്തലവുമാണ് കറുത്ത ജൂതൻ പറഞ്ഞുവയ്‌ക്കുന്നത്. ഒരു മണിക്കൂർ 59 മിനുട്ടുളള​ ചിത്രം മെയ് മാസം തിയറ്ററുകളിലെത്തുമെന്ന് പ്രിവ്യു ഷോയ്‌ക്ക് ശേഷം സലിം കുമാർ പറഞ്ഞു.

ചരിത്രം നമ്മളോട് ചെയ്‌ത ചതി

“മട്ടാഞ്ചേരിയിലെ ഒരു വിഭാഗം ജൂതരെ മാത്രമാണ് ചരിത്രത്തിലൂടെ നാം അറിയുന്നതെന്നും കേരളത്തിന്റെ പല ഭാഗത്തുമുളള​ കറുത്ത ജൂതരെ ആരും അന്വേഷിച്ചില്ല. അത് ചരിത്രം നമ്മളോട് ചെയ്‌ത ചതിയാണ്. മട്ടാഞ്ചേരിയിലെക്കാളും കൂടുതൽ പാരന്പര്യമുളളതും ഇവർക്കാണ്. ഈ വിഭാഗത്തിന്റെ കല്ലറകൾ ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. കേരളീയരായിട്ടു തന്നെയായിരുന്നു ഇവർ ജീവിച്ചത്. ഇതെല്ലാം കേരളത്തിലെ ജനങ്ങളെ അറിയിക്കാനായാണ് ഇങ്ങനെയൊരു ചിത്രം എടുത്തത്. മാളയിൽ തന്നെ ഇതുപോലെ ഒരുപാട് കഥകൾ പണ്ട് ഉണ്ടായിട്ടുണ്ട്. ഈ കഥയിലെ 20% സംഭവങ്ങളും യഥാർഥത്തിൽ നടന്നതാണ്,” സലിം കുമാർ പറഞ്ഞു.

“എനിക്കറിയാവുന്നത് സിനിമയാണ്. ആരും പറയാത്ത പുതിയ കാഴ്‌ച സമ്മാനിക്കുന്ന ചിത്രം ആകണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഞാൻ സ്ഥിരം സംവിധായകനല്ല. നല്ല ഒരു ആശയം വന്നപ്പോൾ ചെയ്‌തു. ബാക്കിയെല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ,” സലിം കുമാർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ