സായി പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘കരു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടനും സംവിധായകനുമായ പ്രഭുദേവ തന്റെ ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. സായി പല്ലവി ഒരു കുട്ടിയെ നെഞ്ചോട് ചേർത്ത് കിടക്കുന്നതാണ് പോസ്റ്റർ. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ ഒരു ഹൊറർ ചിത്രമാണ്. സ്ത്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പുറത്തിറങ്ങും.

പ്രേമത്തിലെ മലരായി മലയാളികളുടെ മനം കവർന്ന സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് ‘കരു’. സായി പല്ലവി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ്. പ്രേമത്തിനുശേഷം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിയെങ്കിലും സായി അതൊന്നും സ്വീകരിച്ചിരുന്നില്ല. തമിഴിലും സായിയെ തേടി നിരവധി അവസരങ്ങൾ എത്തി. മണി രത്നത്തിന്റെ ‘കാട്രു വെളിയിടൈ’ ചിത്രത്തിൽ സായി പല്ലവിയെ ആണ് നായികയാക്കാൻ ആദ്യം തീരുമാനിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ബോളിവുഡ് നടി അദിതി റാവുവിനെ നായികയാക്കി.

പിന്നീട് വിക്രം നായകനാകുന്ന സ്കെച്ച് സിനിമയിലും സായി നായികയാവുമെന്ന് വാർത്തകളുണ്ടായിരുന്നു. അതും ഉണ്ടായില്ല. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ചാർലിയുടെ തമിഴ് റീമേക്കിലും നായികയാക്കാൻ തീരുമാനിച്ചത് സായിയെ ആയിരുന്നു. മാധവനാണ് ചാർലിയിൽ ദുൽഖർ അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത്. ആ ചിത്രം സംവിധാനം ചെയ്യുന്നതും എ.എൽ.വിജയ് ആണ്. എന്നാൽ ചിത്രം തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. അതിനു മുൻപേ ‘കാരു’ ചെയ്യാനാണ് വിജയ്‌യുടെ തീരുമാനം.

വിജയയുടെ വനമകൻ ചിത്രം പുറത്തിറങ്ങിയാലുടൻ ‘കരു’വിന്റെ ചിത്രീകരണം തുടങ്ങിയേക്കും. ജയം രവിയാണ് വനമകനിലെ നായകൻ. ജൂൺ 23 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook