കുളു മണാലിയിലെ മണ്ണിടിച്ചിലിലും മഴക്കെടുതിയിലും പെട്ട് വലഞ്ഞ് ‘ദേവ്’ സിനിമയുടെ അണിയറപ്രവർത്തകർ. റോഡ് ഗതാഗതം താറുമാറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ നടൻ കാർത്തി ഇന്നലെ രാത്രിയോടെ സുരക്ഷിതമായി ചെന്നൈയിൽ തിരിച്ചെത്തി. നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ആറു ദിവസം മുൻപാണ് മഴയിലും മഞ്ഞിലും ചിത്രീകരിക്കേണ്ട ചില സീനുകളുടെ ഷൂട്ടിങ്ങിനായി ‘ദേവ്’ ടീം മണാലിയിലെത്തുന്നത്. മൂന്നു ദിവസം മുൻപ് നായകനായ കാർത്തിയും മണാലിയിലെത്തിയിരുന്നു. എന്നാൽ, പെട്ടെന്നുണ്ടായ മണ്ണിടിച്ചിലും പെരുംമഴയും കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡിൽ കുടുങ്ങികിടന്നു. റോഡുകളും പാലങ്ങളും തകർന്നതു കാരണം ഹിൽസ്റ്റേഷനിലെ ലൊക്കേഷനിലേക്ക് പോകാൻ കഴിയാതെ കാർത്തി തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.

“നല്ല കാലാവസ്ഥയായിരുന്നു മണാലിയിൽ. പക്ഷേ പെട്ടെന്നാണ് കാലാവസ്ഥ മാറിയത്. ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന കാര്യത്തിൽ ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മണിക്കൂറുകൾ കൊണ്ടാണ് കാര്യങ്ങൾ ദുഃസ്സഹമായത്. റോഡ് ഗതാഗതം തകരാറിലായതിനെ തുടർന്ന് അഞ്ചു മണിക്കൂറോളമാണ് ഞാൻ കാറിൽ കുടുങ്ങി കിടന്നത്. ഒരു കമ്മ്യൂണിക്കേഷനും സാധ്യമല്ലാതെ ഇപ്പോഴും സംവിധായകൻ അടക്കമുള്ള 140 പേർ മലമുകളിലെ ലൊക്കേഷനിൽ കുടുങ്ങികിടക്കുകയാണ്,” കാർത്തി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

റോഡുകൾ യാത്രായോഗ്യമാക്കുന്നതിന് 28 മണിക്കൂറെങ്കിലും എടുക്കും എന്നതിനാൽ മലമുകളിൽ കുടുങ്ങികിടക്കുന്ന സംവിധായകനും ക്യാമറാമാനും അടക്കമുള്ള അണിയറപ്രവർത്തകർക്ക് ഉടനെ ചെന്നൈയിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണ്. “ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണെങ്കിലും ഇവിടെ നെറ്റ്‌വർക്ക് ഇല്ല. പാലങ്ങൾ പലതും തകർന്നിരിക്കുകയാണ്,” സംവിധായകൻ രജത് രവിശങ്കർ അറിയിക്കുന്നു. ‘ദേവ്’ ടീമിനെ എത്രയും പെട്ടെന്ന് സുരക്ഷിതമായി ചെന്നൈയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook