എൺപതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാർത്തിക. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നിരവധി ചിത്രങ്ങളിലാണ് കാർത്തിക വേഷമിട്ടത്. വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറഞ്ഞ കാർത്തിക കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. വളരെ അപൂർവ്വമായി മാത്രമേ പൊതുവേദികളിൽ പോലും കാർത്തിക പ്രത്യക്ഷപ്പെടാറുള്ളൂ.
Read more: 50 വർഷങ്ങൾ, 400ലേറെ ചിത്രങ്ങൾ; സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി
കാർത്തികയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ കാർത്തികയോട് ചോദ്യങ്ങൾ ചോദിക്കുകയാണ് മമ്മൂട്ടി. ശ്രീനിവാസൻ, കൽപ്പന എന്നിവരെയും വീഡിയോയിൽ കാണാം.
കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഒരു ഹോബി എന്ന രീതിയിൽ ഓകെയാണ് എന്നായിരുന്നു കാർത്തികയുടെ ഉത്തരം.
വിശ്രമവേളയിലെ വിനോദം എന്ന രീതിയിലാണോ? എന്ന് മമ്മൂട്ടി വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ “അങ്ങനെയല്ല, ഞാൻ പഠിച്ചുകൊണ്ടിരിക്കുകയല്ലേ? പഠിത്തം പൂർത്തിയാക്കിയിട്ട് കുറച്ചു നല്ല മലയാളം സിനിമകൾ കൂടി ചെയ്യണം എന്നേ ആശയുള്ളൂ,” എന്നാണ് കാർത്തിക ഉത്തരം നൽകിയത്.
“അഭിനയം എന്നത് പെർഫോമിംഗ് ആർട്ടാണ്. അഭിനയകലയാണ്, ദൈവികമായ സിദ്ധിയാണ്. ഞങ്ങൾക്ക് ഇനി ആകെയുള്ള ആശാകേന്ദ്രമാണ് കാർത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റിൽ പിഴപ്പാണ്, നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബി ആയി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ,” മമ്മൂട്ടി വീണ്ടും കാർത്തികയോട് ആവശ്യപ്പെട്ടപ്പോൾ “അങ്ങനെയൊന്നുമല്ല, ഇഷ്ടം പോലെ നല്ല നല്ല കുട്ടികളുണ്ട്, എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്?” എന്നായിരുന്നു ചിരിയോടെ കാർത്തികയുടെ മറുപടി.
1987കളിൽ ഷൂട്ട് ചെയ്ത വീഡിയോ ആണിത്.
Read more: കാർത്തികയുടെ മകന്റെ കല്യാണത്തിന് ലാലേട്ടന്റെ സിംപിൾ എൻട്രി, വീഡിയോ