scorecardresearch
Latest News

രജനീകാന്ത് ചിത്രത്തില്‍ രാഷ്ട്രീയമില്ല: കാര്‍ത്തിക് സുബ്ബരാജ്

“അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു വളര്‍ന്ന ആളാണ് ഞാന്‍.”

രജനീകാന്ത് ചിത്രത്തില്‍ രാഷ്ട്രീയമില്ല: കാര്‍ത്തിക് സുബ്ബരാജ്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി സിനിമയൊരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തില്‍ രാഷ്ട്രീയം പറയുന്നേയില്ല എന്നാണ് കാര്‍ത്തിക് പറയുന്നത്.

“രജനി സാറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു വളര്‍ന്ന ആളാണ് ഞാന്‍. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാകും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷെ ഇത്രയും നേരത്തേ അത് സംഭവിക്കും എന്നു കരുതിയില്ല,” കാര്‍ത്തിക് പറയുന്നു.

തിരക്കഥയുമായി രജനിയെ സമീപിച്ച കഥ കാര്‍ത്തിക് പറയുന്നതിങ്ങനെ:

“ഒരുവര്‍ഷം മുമ്പാണ് ചിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം സമ്മതിക്കും എന്ന് ഒരിക്കലും കരുതിയില്ല. പിസ മുതല്‍, ജിഗര്‍തണ്ട, ഇരൈവി തുടങ്ങി എന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.”

“അദ്ദേഹത്തിന് എന്റെ കഴിവില്‍ വിശ്വാസം ഉണ്ടായിരുന്നു. ആ സമയത്ത് കാലയുടേയും 2.0യുടേയും ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അത് തീര്‍ന്നാല്‍ ഉടന്‍ നമ്മുടെ സിനിമ ചെയ്യാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. ഞാന്‍ കരുതിയത് അദ്ദേഹം അതൊക്കെ മറക്കും എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം മറ്റു പ്രൊജക്ടുകള്‍ ഒക്കെ തീര്‍ന്നപ്പോള്‍ തുടങ്ങാം എന്ന് എന്നോടു പറഞ്ഞു,” കാര്‍ത്തിക് പറഞ്ഞു.

ചിത്രത്തില്‍ രജനിയെ കൂടാതെ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലനായാണ് മക്കള്‍ സെല്‍വം എത്തുന്നത്. നേരത്തേയും കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും തമ്മിലുള്ള ഉഗ്രന്‍ കോംബിനേഷന്‍ ആരംഭിച്ചത്. പിന്നീട് പിസ എന്ന ചിത്രത്തിലും ജിഗര്‍തണ്ടയിലും ഇരുവരും കൈകോര്‍ത്തു. ഇരൈവിയിലും സേതുപതി പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു.

പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സണ്‍പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. നിലവില്‍ മണിരത്നത്തിന്റെ ചെക്ക സിവന്ത വാനം എന്ന ചിത്രത്തിന്റെ തിരക്കിലാണ് സേതുപതി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Karthik subbaraj on his film with rajinikanth i was sure i would direct a film with him someday