പോയ ദശാബ്ദത്തിൽ തെന്നിന്ത്യന്‍ സിനിമാ മേഖല കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃഷയേയും ചിമ്പുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കിയ ‘വിണ്ണൈതാണ്ടി വരുവായാ’ എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന കാര്യവും ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ തൃഷയെയും സിമ്പുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നു.
ഒരിക്കൽ കൂടി കാർത്തിക്കും ജെസിയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. പത്ത് വർഷങ്ങൾക്കിപ്പുറവും ജെസിയോടുള്ള പ്രണയത്തിൽ നീറി ജീവിക്കുന്ന കാർത്തിക്കും, കാർത്തിക്കിനെ ആശ്വിപ്പിക്കുന്ന ജെസിയും. വിണ്ണൈ താണ്ടി വരുവായ എത്രത്തോളം പ്രേക്ഷകരെ വേദനിപ്പിച്ചോ, അത്ര തന്നെ ഈ ഹ്രസ്വ ചിത്രവും നിങ്ങളെ വേദനിപ്പിക്കും.
കാർത്തിക് ജെസ്സിയെ ഫോണിൽ വിളിക്കുന്നതോടെയാണ് ഹ്രസ്വചിത്രത്തിന്റെ തുടക്കം. കേരളത്തിലെത്തി ലോക്ക്ഡൌണിൽ കുടുങ്ങിപ്പോയ ജെസി, ന്യൂയോർക്കിലെ കോവിഡ് പ്രശ്നത്തെക്കുറിച്ചെല്ലാം കാർത്തിക്കിനോട് സംസാരിക്കുന്നുണ്ട്. സംഭാഷണം പതിയെ അവരുടെ പ്രണയത്തെക്കുറിച്ചാകുന്നു. നീയില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്നും, എന്നെ സ്നേഹിക്കെന്നും കാർത്തിക് ജെസ്സിയോട് പറയുന്നു.
ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൗതം മേനോൻ പുറത്ത് വിട്ടിരുന്നു. ഗൗതം മേനോന്റെ യൂട്യൂബ് ചാനലായ ഒൻട്രാഗ എന്റർടെെൻമെന്റ്സിലാണ് 12 മിനിറ്റ് ദെെർഘ്യമുള്ള ചിത്രം പുറത്തിറക്കിയിരിക്കുന്നത്. എ.ആർ റഹ്മാനാണ് സംഗീതം.
വിണ്ണൈതാണ്ടി വരുവായാ’ 2010ലാണ് പുറത്തിറങ്ങിയത്. ഉദയനിധി സ്റ്റാലിൻ വിതരണം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം എ. ആർ. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോൺസാൽവസുമാണു നിർവഹിച്ചത്. യേ മായ ചേസാവേ എന്ന പേരിൽ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.