ജ്യോതികയുടെ തിരിച്ചുവരവിലുളള രണ്ടാമത്തെ ചിത്രമാണ് മഗളിർ മട്ടും. സിനിമയുടെ ട്രെയിലർ വൻ അഭിപ്രായങ്ങൾ നേടി കൊണ്ട് മുന്നേറുമ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഓഡിയോ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ സൂര്യ.

തമിഴകത്തിന്റെ പ്രിയ നടനും സൂര്യയുടെ അനിയനുമായ കാർത്തിയാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഗുബു ഗുബു എന്ന് തുടങ്ങുന്ന ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. സംഗീതം നൽകിയതാകട്ടെ ജിബ്രാനും.

കാർത്തിയുടെ ആലാപനത്തിൽ അഭിമാനിക്കുന്നുവെന്ന് ഗാനം പങ്ക്‌വച്ച് കൊണ്ട് സൂര്യ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മഗളിർ മട്ടും നിർമിക്കുന്നത് സൂര്യയാണ്. തന്നെ വിശ്വിസിച്ച് ഗാനമേൽപിച്ച ഗാനത്തിന്റെയും സിനിമയുടെയും പ്രവർത്തകരോട് നന്ദിയുണ്ടെന്ന് കാർത്തിയും പറയുന്നു.

സ്ത്രീകൾ മാത്രം എന്നു പേരിലുളള​ ചിത്രത്തിന്റെ പ്രമേയവും അവതരണവും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. ജ്യോതികയും ഉർവ്വശിയും ഭാനുപ്രിയ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഡോക്യുമെന്ററി ഫിലിം മേക്കറായി എത്തുന്ന ജ്യോതിക മോഡേൺ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മയാണ് മഗളിർ മട്ടും സംവിധാനം ചെയ്യുന്നത്. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയുടെ 2ഡി എന്റർടെയിൻമെന്റാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിന്ന ജ്യോതികയുടെ രണ്ടാം വരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതനിലെക്കു ശേഷമുളള ചിത്രമാണിത്. വാഗമണ്ണിലാണ് പ്രധാനമായും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്തിയത്. മണികണ്‌ഠൻ കാമറയും ജിബ്രാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ