/indian-express-malayalam/media/media_files/uploads/2019/04/jyothika-karthi.jpg)
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ജ്യോതിക, തിരിച്ചു വന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് സൂര്യയും ജ്യോതികയും ഒന്നിച്ചൊരു ചിത്രം. എന്നാല്‍ അങ്ങനൊന്ന് സംഭവിക്കും എന്ന കാര്യത്തില്‍ ഇതുവരെ ഒരു അറിയിപ്പും ഇല്ല. പക്ഷെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയും സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സഹോദരി സഹോദരന്മാരായാണ് ഇരുവരും വെള്ളിത്തിരയില്‍ എത്തുന്നത് എന്നതാണ് പുതിയ വാര്‍ത്ത.
കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ 'പാപനാശ'ത്തിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമാണിത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യ'ത്തിന്റെ റീമേക്കായിരുന്നു 'പാപനാശം'. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജ്യോതികയുടെ സഹോദരൻ സൂരജാണ് ചിത്രം നിർമ്മിക്കുന്നത്.
Read More: കാർത്തി- ജീത്തു ജോസഫ് ചിത്രത്തിൽ ജ്യോതികയും
നവാഗതനായ രജത് രവിശങ്കര്‍ സംവിധാനം ചെയ്ത 'ദേവ്' എന്ന ചിത്രമായിരുന്നു കാര്‍ത്തിയുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഒരു അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു കാര്‍ത്തിയ്ക്ക് ചിത്രത്തില്‍. പ്രണയവും സാഹസികതയും ഇട കലര്‍ത്തി ഒരുക്കിയ ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗായിരുന്നു നായിക. അമൃത ശ്രീനിവാസന്‍, രമ്യാ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്.
#Jyothika to play an important role in @Karthi_Offl - #JeethuJoseph film. pic.twitter.com/69mdAuOdMZ
— Heytamilcinema (@Heytamilcinema) March 7, 2019
'കാട്രിന്‍ മൊഴി'യാണ് ജ്യോതികയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. നവാഗതസംവിധായകനായ എസ്. രാജിന്റെ പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാന്‍ ഉള്ളത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയ താരം മലയാളത്തിന്റെ പ്രിയതാരവും സംവിധായികയുമായ രേവതിയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍. 'ഗുലേബക്കാവലി' സംവിധാനം ചെയ്ത കല്യാണിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ജ്യോതികയും രേവതിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു.
അതേസമയം, ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു ഈ വര്‍ഷം ബോളിവുഡിലും എത്തുകയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. കാര്‍ത്തി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു ജോസഫ്. കാളിദാസ് ജയറാമിനെയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.